റിയാദ് – പാനീയങ്ങളിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട പുതിയ നികുതി നയം 2026 ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് വെളിപ്പെടുത്തി. മുന്‍കാലങ്ങളില്‍ വ്യവസായികള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആശങ്കകളില്‍ ഒന്നായിരുന്നു ഈ പ്രശ്നം. ഇപ്പോള്‍ അത് പരിഹരിച്ചു. ധനമന്ത്രാലയം, സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ പാനീയങ്ങളുടെ പഞ്ചസാര നികുതി പ്രശ്നം പരിഹരിച്ചത് നല്ല അനുഭവമായിരുന്നു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാര ഉപഭോഗം കുറക്കുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്ന നയം സ്ഥാപിക്കുകയും ഉല്‍പ്പന്നങ്ങള്‍ നവീകരിക്കാനും വികസിപ്പിക്കാനും വ്യവസായ മേഖലയെ അനുവദിക്കുകയും ചെയ്യുകയാണ് പുതിയ നികുതി ഭേദഗതിയുടെ ലക്ഷ്യം. ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ സമഗ്രമായ സമവായത്തിലെത്തിയ ശേഷമാണ് നികുതി നയ മാറ്റങ്ങള്‍ അംഗീകരിച്ചത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തലത്തിലെ ഏകോപനവുമായി ബന്ധപ്പെട്ടതിനാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിരുന്നു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ സൗദി അറേബ്യയിലെ വ്യാവസായിക മേഖലയും നിരവധി മാറ്റങ്ങളും പ്രതിസന്ധികളും കാരണം തുടര്‍ച്ചയായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഞാന്‍ ഒരിക്കല്‍ വ്യവസായിയായിരുന്നു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ അനന്തമാണെന്ന് എനിക്കറിയാം. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വെല്ലുവിളികളെ നേരിടാന്‍ സ്വകാര്യ മേഖലയുമായി സഹകരിക്കാന്‍ രാജ്യം പൂര്‍ണ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സാമ്പത്തിക, ധനസഹകരണ സമിതി പാനീയത്തിലെ മൊത്തം പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി, മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്ക് സെലക്ടീവ് നികുതി ചുമത്തുന്നതിനുള്ള രീതിശാസ്ത്രം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഗ്രാജുവേറ്റഡ് വോള്യൂമെട്രിക് സമീപനം എന്നറിയപ്പെടുന്ന ഈ രീതിശാസ്ത്രം, ഈ ഗണത്തില്‍ വരുന്ന റെഡി-ടു-ഡ്രിങ്ക് പാനീയത്തിന്റെ 100 മില്ലിയിലെ ആകെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി മധുരമുള്ള പാനീയങ്ങള്‍ക്ക് പ്രോഗ്രസീവ് നികുതി വിഭാഗങ്ങള്‍ സ്ഥാപിച്ചുകൊണ്ട് നികുതി മൂല്യം കണക്കാക്കുന്നു. നികുതി നല്‍കേണ്ട മധുരമുള്ള പാനീയത്തിന്റെ ചില്ലറ വില്‍പ്പന വിലയില്‍ കണക്കാക്കിയ 50 ശതമാനം നിശ്ചിത നിരക്കിനെ അടിസ്ഥാനമാക്കിയുള്ള, മധുരമുള്ള പാനീയങ്ങള്‍ക്ക് സെലക്ടീവ് നികുതി ചുമത്തുന്ന നിലവിലെ രീതിശാസ്ത്രത്തെ ഇത് മാറ്റിസ്ഥാപിക്കുന്നു.
പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ മറ്റ് മധുരങ്ങളോ ചേര്‍ത്തതും പാനീയമായി ഉപയോഗിക്കാനായി ഉല്പാദിപ്പിക്കുന്നതുമായ ഉല്‍പ്പന്നങ്ങളാണ് മധുരമുള്ള പാനീയങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍, കോണ്സെന്ട്രേറ്റുകള്-പൗഡറുകള്‍-ജെല്ലുകള്‍-എക്സ്ട്രാക്റ്റുകള്‍ എന്നിവ അടക്കം പാനീയമാക്കി മാറ്റാന്‍ കഴിയുന്ന ഏതെങ്കിലും രൂപത്തിലുള്ള വസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
