റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ സുരക്ഷാ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി, ഉയർന്ന അപകടസാധ്യതയുള്ള ജോലികൾക്കായുള്ള പുതിയ തൊഴിൽ നിയന്ത്രണ ചട്ടം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ-റാജ്ഹി പ്രഖ്യാപിച്ചു.

ഈ ജോലികൾ തരംതിരിക്കുക, ലൈസൻസ് നൽകുക, അതിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യപരവും സാങ്കേതികപരവുമായ അറിവും വൈദഗ്ധ്യവും ഉറപ്പാക്കുക, ഈ ജോലികൾക്ക് ഒരു സംയോജിത നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുക, എന്നിവയാണ് പുതിയ ചട്ടത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
തൊഴിലിടങ്ങളിലെ അപകടങ്ങളും, പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിൽ ഈ ചട്ടം നിർണ്ണായക പങ്ക് വഹിക്കും. ഇത് തൊഴിൽ വിപണിയിൽ തൊഴിൽ സുരക്ഷാ നിലവാരം വർദ്ധിപ്പിക്കും.
മുഴുവൻ സമയ ജീവനക്കാരോ, പാർടൈം ജീവനക്കാരോ, സ്ഥിര ജീവനക്കാരോ, കരാർ ജീവനക്കാരോ, സൗദി പൗരന്മാരോ വിദേശികളോ ആകട്ടെ, പുതിയ ചട്ടം പൊതു, സ്വകാര്യ, മേഖലകളിലെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലെയും എല്ലാ ജീവനക്കാർക്കും ബാധകമാണ്.
രാജ്യത്തെ തൊഴിൽ അന്തരീക്ഷം വികസിപ്പിക്കാനാണ് ഈ ചട്ടം ലക്ഷ്യമിടുന്നത്. ഇതിലൂടെ ബന്ധപ്പെട്ട അധികാരികൾ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവരുടെയെല്ലാം ഉത്തരവാദിത്തങ്ങൾ വ്യക്തമായി നിർവചിക്കുന്നു. കൂടാതെ, പരിശീലനം, യോഗ്യതാ നിർണ്ണയം, നിരീക്ഷണം എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഇത് വിശദീകരിക്കുന്നു.
പുതിയ ചട്ടത്തിൽ സമഗ്രമായ ആരോഗ്യ ഡാറ്റാബേസുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. ഇത് തീരുമാനങ്ങൾ എടുക്കുന്നവർക്ക് പിന്തുണ നൽകാനും പ്രതിരോധ നിരീക്ഷണം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് തൊഴിലിടങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് കാരണമാകും.
ദേശീയ തൊഴിൽ സുരക്ഷാ കൗൺസിൽ ആഗോള തൊഴിൽ സുരക്ഷാ സൂചികകളിൽ സൗദിയുടെ സ്ഥാനം ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുരക്ഷിതവും മത്സരാധിഷ്ഠിതവുമായ തൊഴിൽ അന്തരീക്ഷം എന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ചട്ടം വലിയ സംഭാവന നൽകും.
