ജിദ്ദ– സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു. പിഴകള്‍ പരിഷ്‌കരിക്കുന്നതിനെ കുറിച്ചുള്ള പൊതുജനാഭിപ്രായ സര്‍വേ ഫലങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കുള്ള പിഴകള്‍ പുതുതായി അംഗീകരിച്ചിട്ടുണ്ട്. ഗുരുതരമായ നിയമ ലംഘനമായി വിവരിച്ചിരിക്കുന്ന ഈ നിയമ ലംഘനത്തിന് 1,000 റിയാല്‍ പിഴ ചുമത്തും. കൃത്യമായ പ്രസവാവധി ലഭിക്കാത്ത ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമകള്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കുന്നതാണ്.

അമ്പതും അതില്‍ കൂടുതലും സ്ത്രീ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ആറ് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം പത്തും അതില്‍ കൂടുതലും ആണെങ്കില്‍, ശിശുസംരക്ഷണ സൗകര്യങ്ങളോ നഴ്സറികളോ ഇല്ലാത്തതിന് 3,000 റിയാല്‍ പിഴ ലഭിക്കും. യൂനിഫോം നിയമങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ക്ക് പിഴ ചുമത്താത്ത തൊഴിലുടമകള്‍ക്ക് 300 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തുന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ സ്ഥലത്തെ മോശം പെരുമാറ്റ കേസുകള്‍ അന്വേഷിക്കാനായി കമ്മിറ്റി രൂപീകരിക്കാത്തതിനും അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാത്ത തൊഴിലുടമകൾക്ക് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ ചുമത്താന്‍ പരിഷ്‌കരിച്ച നിയമം വ്യവസ്ഥ ചെയ്യുന്നു. ആന്തരികമോ ബാഹ്യമോ ആയ തൊഴില്‍സ്ഥല വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്ക് 500 റിയാല്‍ പിഴയുണ്ട് . മന്ത്രാലയ ലൈസന്‍സ് ഇല്ലാതെ റിക്രൂട്ട്‌മെന്റ്, തൊഴിലാളി കൈമാറ്റ സേവനങ്ങളില്‍ ഏര്‍പ്പെടുന്നിന് രണ്ടു ലക്ഷം റിയാല്‍ മുതല്‍ രണ്ടര ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ലൈസന്‍സ് ഇല്ലാതെ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്ന എംപ്ലോയ്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തുന്നവർക്ക് രണ്ടു ലക്ഷം റിയാല്‍ പിഴ ലഭിക്കും. മറ്റൊരു തൊഴിലുടമക്കു വേണ്ടി ജോലി ചെയ്യാന്‍ വിദേശ തൊഴിലാളിയെ അനുവദിക്കുന്നതിന് തൊഴിലുടമക്ക് 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ലഭിക്കന്നതാണ്.
