അബഹ – സൗദി പൗരന്റെ അപേക്ഷയില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം നീട്ടിവെക്കാന്‍ അസീര്‍ പ്രവിശ്യ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും അന്യായമായ കാലതാമസം മൂലം പൗരന്മാര്‍ക്ക് ദോഷം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സൗദി പൗരന്റെ അപേക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ അസീര്‍ ഗവര്‍ണറേറ്റ് ആസ്ഥാനത്ത് പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഗവര്‍ണര്‍ മര്‍കസ് മേധാവിക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റ ശ്രമങ്ങള്‍ പോലെ തന്നെ പൗരന്മാരുടെ അപേക്ഷകളിലെ തുടര്‍നടപടികളും വേഗത്തിലാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. നഗരസഭയുമായി സമയബന്ധിതമായി ആശയവിനിമയം നടത്തി സൗദി പൗരന്റെ അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ ശാസിച്ചു.

യോഗത്തില്‍ ഗവര്‍ണര്‍ ഏതാനും പൗരന്മാരുടെ പരാതികളും അപേക്ഷകൾക്ക് ഉടനടി പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അവരുടെ അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ സുഗമമാക്കാനും കാലതാമസമില്ലാതെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മുന്‍ഗണന നല്‍കണമെന്ന് തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ അസീര്‍ പ്രവിശ്യയിലെ മുഴുവന്‍ സബ് ഗവര്‍ണര്‍മാരോടും നിര്‍ദേശിച്ചു.
തന്റെ ജീര്‍ണിച്ച ബോട്ടിന് പകരം അധികൃതര്‍ നല്‍കിയ പുതിയ ബോട്ടില്‍ സംതൃപ്തി ഉറപ്പാക്കാന്‍ മറ്റൊരു പൗരനെ നേരിട്ട് കണ്ട ഗവര്‍ണര്‍, പ്രശ്‌നങ്ങളും കേസുകളും ഫീല്‍ഡില്‍ ഇറങ്ങി നിരീക്ഷിക്കാനുള്ള തന്റെ പ്രതിബദ്ധത പ്രകടമാക്കി. ഇരുപത്തിയേഴ് വര്‍ഷത്തിലേറെയായി നീണ്ടുനിന്ന കുടുംബ തര്‍ക്കത്തിന്റെ പരിഹാരത്തിനും ഗവര്‍ണര്‍ സാക്ഷ്യം വഹിച്ചു.
അല്ലാഹുവേ, എന്റെ സമുദായത്തെ സംബന്ധിച്ച ഏത് കാര്യവും ആരെയെങ്കിലും ഏല്‍പ്പിക്കുകയും അയാള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കുകയും ചെയ്താല്‍, അയാള്‍ക്ക് നീ കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കുക; എന്റെ സമുദായത്തെ സംബന്ധിച്ച ഏത് കാര്യവും ആരെയെങ്കിലും ഏല്‍പ്പിക്കുകയും അവരോട് ദയ കാണിക്കുകയും ചെയ്താല്‍, അവനോട് നീ ദയ കാണിക്കുക എന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ വാക്കുകള്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനും തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ ഉത്തരവിട്ടു.
