ജിദ്ദ: ഉംറ വിസയുടെ കാലാവധി സംബന്ധിച്ച് വിശ്വാസികൾക്കിടയിലുള്ള സംശയങ്ങൾക്ക് മറുപടിയുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരണം നൽകി. ഉംറ വിസക്കാർ സൗദിയിൽ പ്രവേശിക്കേണ്ടതും രാജ്യം വിടേണ്ടതുമായ തീയതികൾ മന്ത്രാലയം വ്യക്തമാക്കി.

ഹിജ്റ 1447 ശവ്വാൽ 15 ആയിരിക്കും ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി. സാധുവായ ഉംറ വിസയിൽ സൗദിയിൽ പ്രവേശിച്ചവർ രാജ്യം വിടാനുള്ള അവസാന തീയതി 1447 ദുൽ-ഖഅദ് 15 ആയിരിക്കും.

ഉംറ വിസയുടെ സാധാരണ കാലാവധി 3 മാസമാണ്. എന്നാൽ, ദുൽഖഅദ് 15-ന് മുമ്പ് വിസയുടെ മൂന്ന് മാസത്തെ കാലാവധി പൂർത്തിയാകുന്നുണ്ടെങ്കിൽ, ആ വിസാ കാലാവധിയായിരിക്കും സൗദി വിടാനുള്ള സമയപരിധി. അതായത്, ദുൽഖഅദ് 15-നോ അല്ലെങ്കിൽ സൗദിയിൽ പ്രവേശിച്ച് 3 മാസം പൂർത്തിയാകുന്ന തീയതിയിലോ, ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും ഉംറക്കാർക്ക് സൗദി വിടാനുള്ള സമയപരിധി.
