റിയാദ്– സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നവർക്ക് പാരിതോഷികം നൽകാൻ സൗദി മന്ത്രിസഭാ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് നഗരസഭാ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പാരിതോഷികം നൽകാൻ തീരുമാനിച്ചത്.

സർക്കാർ ആരോഗ്യ വകുപ്പുകളുടെ ബജറ്റുകളിൽ മരുന്ന് വ്യവസായങ്ങൾ പ്രാദേശികവത്ക്കരിക്കാനുള്ള പ്രത്യേക ബജറ്റ് അംഗീകരിക്കുന്നതിന് ധന മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വ്യവസായ, ധാതുവിഭവ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. കെമിക്കൽ കൺസൾട്ടിംഗ് പ്രൊഫഷൻ ലൈസൻസുകൾ നൽകാനുള്ള അധികാരം വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ഊർജ മന്ത്രാലയത്തിലേക്ക് മാറ്റുകയും ചെയ്തു.
വ്യോമയാന മേഖലയിൽ പനാമയുമായി ഒപ്പുവെച്ച കരാറും സാമ്പത്തിക, വ്യാപാര മേഖലകളിലെ സഹകരണത്തിനായി സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രാലയവും വിയറ്റ്നാം വ്യവസായ, വ്യാപാര മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രവും സൗദി അറേബ്യയും കുവൈത്തും ഒപ്പുവെച്ച സാമ്പത്തിക സഹകരണ ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.
ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലെ ഉന്നതതല അന്താരാഷ്ട്ര പങ്കാളിത്തം സൗദി അറേബ്യയോടും രാജ്യം കൈവരിച്ച നേട്ടങ്ങളോടും വിഷൻ 2030 ദർശനത്തോടുമുള്ള ആഗോള വിലമതിപ്പ് പ്രതിഫലിപ്പിക്കുന്നു. വിഷൻ 2030 സൗദി അറേബ്യയെ അന്താരാഷ്ട്ര സാമ്പത്തിക ലക്ഷ്യസ്ഥാനവും, ലോകമെമ്പാടുമുള്ള നേതാക്കളെയും നൂതനാശയക്കാരെയും ഒരുമിച്ച് കൊണ്ടുവന്ന് നിക്ഷേപത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രായോഗിക തന്ത്രങ്ങളാക്കി മാറ്റുന്ന പ്രമുഖ ആഗോള കേന്ദ്രവുമാക്കി മാറ്റിയെന്ന് മന്ത്രിസഭ പറഞ്ഞു
എണ്ണ ഇതര മേഖലകളിൽ രാജ്യം വളർച്ച നിലനിർത്തുകയും ഉൽപ്പാദനം, സാങ്കേതികവിദ്യ, ടൂറിസം, സംരംഭകത്വം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ കൂടുതൽ വികസനം കൈവരിക്കുകയും ചെയ്യുന്നു. ഇതിനിടെ വിഭവങ്ങൾ, ദേശീയ മുൻഗണനകൾ എന്നിവക്കിടയിലുള്ള വഴക്കം, പ്രതിരോധശേഷി, വിന്യാസം എന്നിവയിലൂടെ ആഗോള പരിവർത്തനങ്ങളുമായി പൊരുത്തപ്പെടാനുള്ള രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശേഷി മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
വിഷൻ 2030 ആരംഭിച്ച ശേഷം എണ്ണ ഇതര പ്രവർത്തനങ്ങളുടെ വളർച്ചയെ ശ്രദ്ധേയമായ തലങ്ങളിലേക്ക് നയിക്കുന്നതിൽ സ്വകാര്യ മേഖലയുടെ സംഭാവനയെ മന്ത്രിസഭ പ്രശംസിച്ചു. ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും അഭിവൃദ്ധി പ്രാപിക്കാനും സഹായിച്ച സാമ്പത്തിക നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലപ്രാപ്തി ഇത് വ്യക്തമാക്കുന്നതായും മന്ത്രിസഭ പറഞ്ഞു.
