ജിദ്ദ – സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് സഖ്യത്തിലെ എട്ട് പ്രധാന അംഗരാജ്യങ്ങള്‍ ഡിസംബര്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പാദനത്തില്‍ 1,37,000 ബാരലിന്റെ വര്‍ധനവാണ് എട്ടു രാജ്യങ്ങളും കൂടി വരുത്തുന്നത്. തുടര്‍ന്നുള്ള ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉല്‍പാദനത്തില്‍ യാതൊരുവിധ ഭേദഗതികളും വരുത്തില്ല. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ എല്ലാ മാസവും ഒപെക് പ്ലസ് എണ്ണയുല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. അടുത്ത വര്‍ഷാദ്യത്തില്‍ ഇതിന് താല്‍ക്കാലിക വിരാമം വരുത്തും. ഒപെക് പ്ലസ് പ്രഖ്യാപിച്ച ഉല്‍പാദന വര്‍ധനവ് വിശകലന വിദഗ്ധരുടെ പ്രതീക്ഷകളുമായി ഒത്തുപോകുന്നു.

ആഗോള വിപണിയില്‍ എണ്ണവിലയിടിച്ചില്‍ തടയാന്‍ ശ്രമിച്ച് പ്രതിദിന ഉല്‍പാദനത്തില്‍ 16.5 ലക്ഷം ബാരല്‍ തോതില്‍ സ്വമേധയാ വെട്ടിക്കുറക്കാനുള്ള തീരുമാനം 2023 ഏപ്രിലില്‍ ഒപെക് പ്ലസ് പ്രഖ്യാപിച്ചിരുന്നു. ഉല്‍പാദനം ക്രമാനുഗതമായി പൂര്‍വസ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ മാസങ്ങളിലെല്ലാം ഒപെക് ഉല്‍പാദനം വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഡിസംബറില്‍ പ്രതിദിന ഉല്‍പാദനത്തില്‍ 1,37,000 ബാരലിന്റെ വര്‍ധവ് വരുത്തുന്നത്.
എണ്ണ വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അതിന്റെ ഭാവി സാധ്യതകളും അവലോകനം ചെയ്യാനായി ഞായറാഴ്ച ചേര്‍ന്ന എട്ട് രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയും നിലവിലെ പോസിറ്റീവ് വിപണി അടിസ്ഥാനകാര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് പ്രതിദിന ഉല്‍പാദനത്തില്‍ നേരത്തെ വരുത്തിയ 16.5 ലക്ഷം ബാരലിന്റെ വെട്ടിക്കുറവ് ക്രമേണ പുനഃസ്ഥാപിച്ചേക്കുമെന്ന് ഒപെക് പ്ലസ് വ്യക്തമാക്കി. വിപണി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ഒപെക് പ്ലസ് തുടരും. വിപണി സ്ഥിരതയെ പിന്തുണക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, 2023 നവംബറില്‍ പ്രഖ്യാപിച്ച, പ്രതിദിന ഉല്‍പാദനത്തില്‍ 22 ലക്ഷം ബാരല്‍ തോതില്‍ സ്വമേധയാ അധികമായി വെട്ടിക്കുറക്കാനുള്ള തീരുമാനം ഉള്‍പ്പെടെ, സ്വമേധയാ ഉള്ള കൂടുതല്‍ ഉല്‍പാദന ക്രമീകരണങ്ങള്‍ തുടരാനും തുടരാതിരിക്കാനുമുള്ള പൂര്‍ണ്ണമായ വഴക്കം നിലനിര്‍ത്താനും ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാനും എട്ടു രാജ്യങ്ങളും ധാരണയിലെത്തി.
        
                        
                    
                        