കുവൈത്ത് സിറ്റി– കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ 15-ാം നമ്പര്‍ നിയമം നടപ്പാക്കാന്‍ തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമം, ജോലി സമയവും അവധിയും കൈകാര്യം ചെയ്യാനും നിരീക്ഷിക്കാനുമായി ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സുതാര്യത വര്‍ധിപ്പിക്കാനും തൊഴില്‍ അന്തരീക്ഷത്തിന്റെ മേല്‍നോട്ടം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

കുവൈത്തില്‍ തൊഴില്‍ വിപണി കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും ആധുനികവല്‍ക്കരിക്കാനും ഉദ്ദേശിച്ചുള്ള വികസന സംരംഭങ്ങളുടെ ഒരു പരമ്പരയുടെ തുടക്കമാണ് ഈ നിയമം എന്ന് അതോറിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു. ദൈനംദിന ജോലി സമയം, വിശ്രമ സമയങ്ങള്‍, പ്രതിവാര അവധി ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിവസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതോറിറ്റി അംഗീകരിച്ച ഇലക്ട്രോണിക് സിസ്റ്റത്തില്‍ തൊഴിലുടമകള്‍ രേഖപ്പെടുത്തണമെന്ന് തീരുമാനം ആവശ്യപ്പെടുന്നതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വിശദീകരിച്ചു.
ഈ ഡാറ്റയിലുണ്ടാകുന്ന ഏതു മാറ്റങ്ങളും ഉടനടി അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ഇലക്ട്രോണിക് സിസ്റ്റത്തില്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധനയിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും അതോറിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള ഔദ്യോഗിക റഫറന്‍സായി വര്‍ത്തിക്കും. ഈ ഡാറ്റക്ക് അതോറിറ്റി നല്‍കുന്ന അംഗീകാരം ഓരോ സ്ഥാപനത്തിനുമുള്ള ജോലി സമയ ചട്ടങ്ങളുടെ ഔദ്യോഗിക അംഗീകാരമാണ്.
ജീവനക്കാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും എളുപ്പത്തിലുള്ള ആക്സസ് ഉറപ്പാക്കുന്നതിന് തൊഴിലുടമകള്‍ അംഗീകൃത ഡാറ്റ പ്രിന്റ് ചെയ്ത് ജോലിസ്ഥലത്ത് എളുപ്പത്തില്‍ കാണുന്ന നിലക്ക് പ്രദര്‍ശിപ്പിക്കണം. പേപ്പര്‍ അധിഷ്ഠിത മുന്‍ നിയന്ത്രണങ്ങള്‍ക്ക് പകരമായാണ് പുതിയ ഇലക്ട്രോണിക് സംവിധാനം വരുന്നത്. സ്വകാര്യ മേഖലാ തൊഴില്‍ സംബന്ധിച്ച 2010 ലെ ആറാം നമ്പര്‍ നിയമ പ്രകാരം, ഈ തീരുമാനത്തിലെ വ്യവസ്ഥകളുടെ ഏതെങ്കിലും ലംഘനം കമ്പനി ഫയലുകള്‍ ഭാഗികമായോ പൂര്‍ണമായോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് അടക്കമുള്ള നിയമനടപടികള്‍ക്ക് തൊഴിലുടമകളെ വിധേയരാക്കും. പിഴകള്‍ ഒഴിവാക്കാനും തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ തൊഴിലുടമകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിവരങ്ങള്‍ കാലതാമസമില്ലാതെ അപ്ഡേറ്റ് ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അഭ്യര്‍ഥിച്ചു.
        
                        
                    
                        
                            
