ജിദ്ദ – സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും. പബ്ലിക് ടാക്സി, എയര്‍പോര്‍ട്ട് ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നേരത്തെ ലൈസന്‍സ് നല്കിയ വ്യക്തിഗത സേവനദാതാക്കള്‍ക്ക് ഈ മേഖലയില്‍ പ്രവര്‍ത്തനം തുടരാനുള്ള പുതിയ വ്യവസ്ഥകള്‍ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ചെയര്മാന് റുമൈഹ് അല്‍റുമൈഹ് അംഗീകാരം നല്കി.

ഇതിന്റെ ഭാഗമായാണ് നിയമലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമ ലംഘകര്‍ക്ക് 1,600 റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള പിഴ അഞ്ചിരട്ടി വരെ വര്‍ധിപ്പിക്കും. വാഹനം കണ്ടുകെട്ടല്‍, അഞ്ച് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍, സൗദികളല്ലാത്തവരെ നാടുകടത്തല്‍ എന്നീ ശിക്ഷാ നടപടികളും സ്വീകരിക്കും. സേവന നിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള കര്‍ശനമായ വ്യവസ്ഥകള്‍ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
നിയമലംഘനങ്ങളെ ഗുരുതരവും ഗുരുതരമല്ലാത്തതുമായി തരംതിരിക്കുന്നു. ടാക്സി സേവന വിപണിയില്‍ പ്രവേശിക്കല്‍, പുറത്തുകടക്കല്‍ എന്നിവ ക്രമീകരിക്കുന്ന വ്യവസ്ഥകളെ തടസ്സപ്പെടുത്തല്‍, സേവന ഗുണനിലവാരത്തെയോ ടാക്സി സേവന മേഖലയെ കുറിച്ച മൊത്തത്തിലുള്ള മതിപ്പിനെയോ തടസ്സപ്പെടുത്തല്‍, ടാക്സി നിരക്ക് കണക്കാക്കുന്നതുമായും ഈടാക്കുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതിരിക്കല്‍, യാത്രക്കാരുടെ സുരക്ഷക്കോ പൊതുക്രമത്തിനോ ഭീഷണി ഉയര്‍ത്തല്‍ എന്നീ ഗണങ്ങളില്‍ പെടുന്ന പ്രവൃത്തികളും പെരുമാറ്റങ്ങളും ഗുരുതരമായ നിയമലംഘനങ്ങളായി നിര്‍വചിച്ചിരിക്കുന്നു. പ്രൊഫഷണല്‍ ഡ്രൈവര്‍ കാര്‍ഡ് ഇല്ലാതെ വാഹനമോടിക്കല്‍, റദ്ദാക്കിയതോ കാലഹരണപ്പെട്ടതോ ആയ കാര്‍ഡ് ഉപയോഗിക്കല്‍, സേവനം നല്കാന് ഡ്രൈവര്‍ വിസമ്മതിക്കല്‍, അംഗീകൃത നിരക്ക് പാലിക്കാതിരിക്കല്‍, ഔദ്യോഗിക യൂണിഫോം പാലിക്കാതിരിക്കല്‍, വാഹനത്തിന്റെയോ ഡ്രൈവറുടെയോ ശുചിത്വം പാലിക്കാതിരിക്കല്‍ എന്നിവയും ഗുരുതരമായ നിയമലംഘനങ്ങളാണ്. ഡ്രൈവര്‍ കാര്‍ഡ് പുതുക്കാന്‍ കാലതാമസം വരുത്തല്‍, ആവശ്യമായ വിവരങ്ങള്‍ അതോറിറ്റിക്ക് നല്കാതിരിക്കല്, രേഖകള്‍ ഹാജരാക്കാതിരിക്കല്‍, പുകവലി നിരോധന ചിഹ്നം സ്ഥാപിക്കാതിരിക്കല്‍, യാത്രക്കാരുടെ വീണുകിട്ടിയ വസ്തുക്കള്‍ സൂക്ഷിക്കാതിരിക്കല്‍, വികലാംഗരെ സഹായിക്കാതിരിക്കല്‍ എന്നിവ ഗുരുതരമല്ലാത്ത ലംഘനങ്ങളാണ്.
വാക്കാലുള്ള മുന്നറിയിപ്പ് മുതല്‍ വാഹനം കണ്ടുകെട്ടല്‍, ഒരു മാസം മുതല്‍ അഞ്ച് മാസം വരെയുള്ള കാലയളവിലേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍, സൗദികളല്ലാത്തവരെ നാടുകടത്തല്‍ എന്നീ ശിക്ഷാ നടപടികള്‍ നിയമലംഘകര്‍ക്കെതിരെ സ്വീകരിക്കും. നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 1,600 റിയാല്‍ വരെയാണ് പിഴ ചുമത്തുക. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ചുമത്തും.
പിഴള്ക്ക് പുറമേ, നിര്‍ദിഷ്ട കാലയളവിലേക്ക് വാഹനം ടാക്സി സര്‍വീസിന് ഉപയോഗിക്കുന്നത് വിലക്കല്‍, 20 ദിവസം മുതല്‍ 60 ദിവസം വരെ വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കല്‍, ഓപ്പറേറ്റിംഗ് കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യല്‍, നിയമ ലംഘനത്തിന്റെ സ്വഭാവവും ആവൃത്തിയും അനുസരിച്ച് ഒരു മാസം മുതല്‍ അഞ്ച് മാസം വരെ ഡ്രൈവര്‍ക്ക് വിലക്കേല്പ്പെടുത്തല് എന്നിവ ഉള്‍പ്പെടെയുള്ള മറ്റു ശിക്ഷകളും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. ഗുരുതരമല്ലാത്ത നിയമലംഘനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്നതിന് മുമ്പ്, സാധാരണയായി ഏഴ് ദിവസത്തെ തിരുത്തല്‍ കാലയളവ് നല്‍കും.
വിദേശികളായ നിയമലംഘകരെ നാടുകടത്തല്‍, ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കല്‍, നിയമലംഘനം നടത്തുന്ന റൈഡ് -ഹെയ്ലിംഗ് ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യല്‍, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, കോടതി ഉത്തരവ് പ്രകാരം വാഹനം കണ്ടുകെട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ കര്‍ശനമായ ശിക്ഷകളും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.
