സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ അഴിമതി, കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട് നിരവധി സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായതായി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി വക്താവ് അറിയിച്ചു.
വിദേശ നിക്ഷേപകൻ്റെ കമ്പനിക്കായി അനധികൃതമായി ക്രഷർ ലൈസൻസ് നേടിക്കൊടുക്കുന്നതിന് പകരമായി 1,625,000 റിയാൽ കൈപ്പറ്റിയ വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അറസ്റ്റിലായി.

പൊളിച്ചുമാറ്റൽ ഉത്തരവ് റദ്ദാക്കുന്നതിനായി 85,000 റിയാൽ കൈപ്പറ്റിയതിന് ഒരു പൗരനും, ഈ ഉത്തരവ് തടഞ്ഞതിന് പണം വാങ്ങിയ രണ്ട് മുനിസിപ്പാലിറ്റി ജീവനക്കാരും അറസ്റ്റിലായി.
മറ്റൊരു കേസിൽ, ഒരു വാണിജ്യ സ്ഥാപനത്തിന് അനധികൃതമായി ടെൻഡർ നൽകുന്നതിനായി 195,000 റിയാൽ കൈപ്പറ്റിയ മുനിസിപ്പാലിറ്റി ജീവനക്കാരൻ, ഒരു സ്ഥാപനത്തിലെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ 35,000 റിയാൽ കൈപ്പറ്റിയ ജല ശുദ്ധീകരണശാല ഡയറക്ടർ എന്നിവരും പിടിയിലായി.
കൂടാതെ, 8,303,000 റിയാലിൻ്റെ സാമ്പത്തിക കുടിശ്ശിക അനധികൃതമായി അനുവദിക്കാൻ സഹായം നൽകുന്നതിനായി 30,000 റിയാൽ കൈപ്പറ്റിയ റീജിയണൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, വാണിജ്യ സ്ഥാപനത്തിന് പെർമിറ്റ് നൽകാൻ 10,430 റിയാൽ കൈപ്പറ്റിയ സിവിൽ ഡിഫൻസ് നോൺ-കമ്മീഷൻഡ് ഓഫീസർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഒരു സർക്കാർ ആശുപത്രി ജീവനക്കാരൻ കാറ്ററിംഗ് കമ്പനിയുടെ 12,000 റിയാൽ തട്ടിയെടുത്ത കേസും റിപ്പോർട്ട് ചെയ്തു.
ഹജ്ജ്, ഉംറ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, എൻഫോഴ്സ്മെൻ്റ് കോടതി, സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയത്തിൻ്റെ ഹെൽത്ത് കോംപ്ലക്സ്, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ അഴിമതി, തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.
തങ്ങളുടെ തസ്തിക ദുരുപയോഗം ചെയ്യുകയോ പൊതുതാൽപര്യത്തിന് ഹാനികരമായ പ്രവർത്തികൾ ചെയ്യുകയോ ചെയ്യുന്നവരെ, അവരുടെ സേവന കാലയളവ് അവസാനിച്ച ശേഷവും നിരീക്ഷിക്കുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്ന് നസാഹ വക്താവ് ആവർത്തിച്ച് വ്യക്തമാക്കി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ തുടരും.
