റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

ഇതനുസരിച്ച്, റിക്രൂട്ട്മെൻ്റ് ഫീസ്, വർക്ക് പെർമിറ്റ്, ഇഖാമ, സേവന കൈമാറ്റം, പ്രൊഫഷൻ മാറ്റം എന്നിവയുൾപ്പെടെയുള്ള എല്ലാ ചെലവുകളും തൊഴിലുടമയാണ് വഹിക്കേണ്ടത്. തൊഴിലാളിയിൽ നിന്ന് ഒരു ഫീസും ഈടാക്കാൻ പാടില്ല.
ഓരോ രണ്ട് വർഷം കൂടുമ്പോഴും തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് പോകാനും വരാനുമുള്ള വിമാന ടിക്കറ്റ് തൊഴിലുടമയുടെ ചെലവിലാണ് നൽകേണ്ടത്.
നാല് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയാൽ, ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റിയായി ലഭിക്കണം.
കുറഞ്ഞത് 8 മണിക്കൂർ തുടർച്ചയായ വിശ്രമം ദിവസേന അനുവദിക്കണം. കരാറിൽ സമ്മതിച്ച പ്രകാരം ആഴ്ചയിൽ ഒരു ദിവസത്തെ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്.
രണ്ട് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയാൽ, കരാർ പുതുക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് ഒരു മാസം ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.
അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം 30 ദിവസം വരെ സിക്ക് ലീവ് അനുവദിക്കണം.
പാസ്പോർട്ട്, ഇഖാമ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തൊഴിലാളിയുടെ കൈവശം തന്നെ സൂക്ഷിക്കാൻ അനുവദിക്കണം.
നിയമപരമായ ഒരു കരാറിലൂടെ ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കുന്നു. ഹോം നഴ്സ്, കുക്ക്, പ്രൈവറ്റ് ഡ്രൈവർ, ഫിസിക്കൽ തെറാപ്പിസ്റ്റ് ഉൾപ്പെടെയുള്ള 15-ലധികം പ്രൊഫഷനുകൾ ഈ നിയമത്തിന് കീഴിൽ വരും.