റിയാദ് – സൗദിയിൽ വിഷന്‍ 2030 ആരംഭിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. ഒമ്പതു വര്‍ഷം മുമ്പ് 2016 ല്‍ വിഷന്‍ 2030 ആരംഭിച്ച ശേഷം എണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടും കോവിഡ്-19 പോലുള്ള ആഗോള വെല്ലുവിളികള്‍ക്കിടെയും സൗദി സമ്പദ്വ്യവസ്ഥ 80 ശതമാനം സഞ്ചിത വളര്‍ച്ച രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

മൊത്ത ആഭ്യന്തരോല്‍പാദനത്തില്‍ (ജി.ഡി.പി) സ്വകാര്യ മേഖലയുടെ സംഭാവന 2016 ല്‍ 40 ശതമാനമായിരുന്നെന്ന് റിയാദില്‍ ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സ്വകാര്യ മേഖലാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ നിക്ഷേപ മന്ത്രി പറഞ്ഞു. 2016 ല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനം 2.8 ട്രില്യണ്‍ റിയാലായിരുന്നു. ഇന്ന് സൗദി സമ്പദ്വ്യവസ്ഥയുടെ മൂല്യം 4.8 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. സ്വകാര്യ മേഖലയുടെ സംഭാവന 2.3 ട്രില്യണ്‍ റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 51 ശതമാനമാണ്.
ജി.ഡി.പിയുടെ 65 ശതമാനമായി സ്വകാര്യ മേഖലയുടെ സംഭാവന വര്‍ധപ്പിക്കുന്നതില്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ദിശയിലുള്ള വളര്‍ച്ചയുടെ വേഗത ത്വരിതപ്പെടുന്നുണ്ട്. സമ്പദ്വ്യവസ്ഥയിലെ സ്ഥിര മൂലധനത്തിന്റെ രൂപീകരണവും നേരിട്ടുള്ള വിദേശ നിക്ഷേപവുമാണ് നിക്ഷേപ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങള്‍. സൗദി സമ്പദ്വ്യവസ്ഥയിലെ മൊത്തം നിക്ഷേപ അളവ് ജി.ഡി.പിയുടെ 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളില്‍ സ്വകാര്യ മേഖലയുടെ സംഭാവന 60 ശതമാനത്തില്‍ നിന്ന് 76 ശതമാനമായി ആയി വര്‍ധിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ ഗണ്യമായ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിവര്‍ഷം രാജ്യത്തെത്തുന്ന വിദേശ നിക്ഷേപങ്ങള്‍ 120 ബില്യണ്‍ റിയാലിലധികമായി ഉയര്‍ന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പ്രതിവര്‍ഷം രാജ്യത്തെത്തിയിരുന്ന വിദേശ നിക്ഷേപങ്ങള്‍ 20 ബില്യണ്‍ റിയാല്‍ മുതല്‍ 30 ബില്യണ്‍ റിയാലില്‍ കവിഞ്ഞിരുന്നില്ല. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തിയും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിച്ചും ലോകമെമ്പാടും നിന്ന് ഗുണനിലവാരമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
2019 ലെ നിലവാരത്തെ അപേക്ഷിച്ച് സൗദിയില്‍ നിക്ഷേപ അളവ് ഇരട്ടിയായി വര്‍ധിച്ചതിന് പിന്നിലെ കാരണം ട്രില്യണ്‍ ഡോളര്‍ ബജറ്റുകളും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നിക്ഷേപങ്ങളുമാണെന്ന് എല്ലാവരും അനുമാനിക്കുന്നു. എന്നാല്‍, ഏറ്റവും വലിയ സംഭാവന സ്വകാര്യ മേഖലയില്‍ നിന്നാണ് ലഭിച്ചത്. ഈ കാലയളവില്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന 60 ശതമാനത്തില്‍ നിന്ന് 76 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവില്‍ സ്വകാര്യ മേഖലയുടെ വലുപ്പം ഇരട്ടിയായി. സൗദി കമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാനും സൗദി കമ്പനികള്‍ക്കു മുന്നില്‍ ലോക വിപണികള്‍ തുറക്കാനും മറ്റ് രാജ്യങ്ങളുമായി നിക്ഷേപ സംരക്ഷണ കരാറുകള്‍ ഒപ്പുവെച്ചുകൊണ്ടിരിക്കുകയാണ്. സൗദി കമ്പനികളുടെ ബിസിനസുകള്‍ ദേശീയ സമ്പദ്വ്യവസ്ഥയില്‍ നിശ്ചിത തലത്തിലേക്ക് വളര്‍ന്നിട്ടുണ്ട്. കയറ്റുമതിയിലൂടെയും വിജയങ്ങള്‍ മറ്റ് വിപണികളിലേക്ക് മാറ്റിയും സൗദി കമ്പനികളുടെ പ്രവര്‍ത്തനം വികസിപ്പിക്കേണ്ടതുണ്ടെന്നും നിക്ഷേപ മന്ത്രി കൂട്ടിച്ചേര്‍ത്തു.