
കുവൈത്ത് സിറ്റി– കുട്ടികളെ ശ്രദ്ധിക്കാതെ, അവരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പ്ലാസ്റ്റിക് സർജറിക്കായി പോയ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കുവൈത്ത് മിസ്ഡിമീനർ കോടതിയാണ് 4,000 കുവൈറ്റ് ദിനാർ (ഏകദേശം 10 ലക്ഷം രൂപ) പിഴ വിധിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തത്.

സാക്ഷികളുടെ മൊഴികൾ, ചൈൽഡ് പ്രൊട്ടക്ഷൻ റിപ്പോർട്ട്, പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ മകന്റെ മൊഴി എന്നിവയാണ് വിധിക്ക് ആധാരം. കുട്ടികളെ അവരുടെ പിതാവ് ഒരുക്കിയ അപ്പാർട്ട്മെന്റിൽ ഉപേക്ഷിച്ചാണ് അമ്മ വിദേശത്തേക്ക് പോയത്.
അമ്മ കുട്ടികളോടൊപ്പം മാസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും അവരെ ബോധപൂർവം അവഗണിച്ചെന്നുമാണ് മുത്തശ്ശി കോടതിയിൽ സാക്ഷ്യപ്പെടുത്തിയത്. പിതാവും മുത്തശ്ശിയുടെ മൊഴി ശരിവെച്ചു. മകൻ വെളിപ്പെടുത്തിയത്, അമ്മ വളരെക്കാലമായി തങ്ങളെ ഉപേക്ഷിച്ചുപോയെന്നും തനിക്ക് പിതാവിനോടൊപ്പം മാത്രം താമസിക്കാനാണ് താൽപ്പര്യമെന്നുമാണ്.
മുത്തശ്ശിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അബ്ദുൾ മോഹ്സൻ അൽ-ഖത്താൻ കോടതിയിൽ ഹാജരായി. അമ്മയ്ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നും 1,001 കുവൈറ്റ് ദിനാർ താത്കാലിക നഷ്ടപരിഹാരം വിധിക്കണമെന്നും ആവശ്യപ്പെട്ടു. അമ്മയുടെ അഭിഭാഷകൻ അവരെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മെമ്മോറാണ്ടം സമർപ്പിച്ചു. 2015-ലെ കുവൈറ്റ് ചൈൽഡ് ലോ നമ്പർ 21-ന്റെ വ്യവസ്ഥകൾ അനുസരിച്ച്, കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്ന മാതാപിതാക്കളെ ശിക്ഷിക്കണമെന്നാണ് കോടതി വിധി.