
ജിദ്ദ: വിദേശത്തു നിന്നുള്ള ഉംറ തീർഥാടകർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനും യാത്രാ സേവനങ്ങൾ ബുക്ക് ചെയ്യാനും അവസരമൊരുക്കുന്ന ‘നുസുക് ഉംറ’ സേവനം ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചു. https://umrah.nusuk.sa/ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഈ സേവനം ലഭ്യമാണ്.

തീർഥാടകർക്ക് അവരുടെ രാജ്യങ്ങളിലെ അംഗീകൃത ഉംറ സർവീസ് ഏജൻസികളെ തിരിച്ചറിയാനും, വിസ, താമസം, ഗതാഗതം, ചരിത്ര കേന്ദ്രങ്ങളിലെ ടൂറുകൾ, സപ്പോർട്ട് സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തി സംയോജിത പാക്കേജുകളോ ഒറ്റപ്പെട്ട സേവനങ്ങളോ തിരഞ്ഞെടുക്കാനും നുസുക് ഉംറ പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു. ഏഴ് ഭാഷകളെ പിന്തുണയ്ക്കുന്ന, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായി സംയോജിപ്പിച്ച ഈ ആധുനിക ഉപയോക്തൃ ഇന്റർഫേസ്, തീർഥാടകർക്ക് അവരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുയോജ്യമായ ഉംറ പാക്കേജുകൾ രൂപകൽപ്പന ചെയ്യാൻ അനുവദിക്കുന്നു.
വിവിധ വിഭാഗങ്ങൾക്ക് അനുയോജ്യമായ ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. അപേക്ഷ സമർപ്പിക്കുന്നത് മുതൽ എൻട്രി വിസ നേടുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാൻ തീർഥാടകരെ പ്രാപ്തരാക്കുന്നു. വൈവിധ്യമാർന്ന പാക്കേജുകളും സേവന ഓപ്ഷനുകളും വാഗ്ദാനം ചെയ്ത്, തീർഥാടകർക്ക് സുഗമവും സമ്പന്നവുമായ അനുഭവം നൽകുന്നു.
ഏറ്റവും കൂടുതൽ മുസ്ലിംകൾക്ക് ആതിഥേയത്വം വഹിക്കുക, ഹജും ഉംറയും എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ അവസരമൊരുക്കുക, ഉയർന്ന നിലവാരമുള്ള സേവനങ്ങളിലൂടെ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവയിലൂടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ‘നുസുക് ഉംറ’ സേവനം ലക്ഷ്യമിടുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.