
റിയാദ്: കേബിൾ മോഷണം പോയതിനാൽ വൈദ്യുത ബന്ധം തകരാറിൽ ആയതോടെ റിയാദിൽ 51 സ്കൂളുകളുടെ പഠനം ഓൺലൈനിലേക്ക് മാറ്റി. റിയാദ് വിദ്യാഭ്യാസ വകുപ്പാണ് 51 സ്കൂളുകളിൽ താൽക്കാലികമായി ഓൺലൈൻ പഠനത്തിലേക്ക് മാറാൻ സുപ്രധാന തീരുമാനം കൈകൊണ്ടത്. വൈദ്യുതി തടസ്സത്തിന് കാരണമായ വൈദ്യുത കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

വിദ്യാർത്ഥികളുടെ സുരക്ഷയും വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെയും തകരാറുകൾ പരിഹരിക്കുന്നതുവരെയുമാണ് താത്കാലികമായി ഓൺലൈനിൽ ക്ലാസ്സുകൾ നൽകുന്നത്.
അതേസമയം, കേബിൾ മോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവം റിപ്പോർട്ട് ചെയ്ത പ്രാദേശിക പത്രം ഇത് സംബന്ധമായി കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല.