കുവൈത്ത് സിറ്റി – കഴിഞ്ഞ ദിവസം കുവൈത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ നിർമ്മിച്ച് വിതരണം ചെയ്ത സംഘത്തിൽ ഇന്ത്യക്കാരനും. ഇതുവരെ അറസ്റ്റിലായത് 67 പേർ. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അൽസ്വബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രധാന പ്രതികളെ സുരക്ഷാ സംഘം അറസ്റ്റ ചെയ്തത്. സംഭവത്തിൽ നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ സാൽമിയയിൽ നിന്നും അറസ്റ്റ് ചെയ്തു. മെഥനോൾ കലർന്ന മദ്യശേഖരം ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വിഷമദ്യം തയാറാക്കി വിൽപന നടത്തിയതായി ഭൂബൻ ലാൽ സമ്മതിച്ചു. നിർമ്മാണ പ്രക്രിയയെ കുറിച്ചും ഇയാൾ അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ വിശദീകരിച്ചു. മദ്യം നിർമിച്ച് വിതരണം ചെയ്തതിൽ പങ്കുള്ള ഇന്ത്യക്കാരായ വിശാൽ ധന്യാൽ ചൗഹാനെയും നേപ്പാളി പൗരൻ നാരായൺ പ്രസാദ ഭശ്യാലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജമദ്യ നിർമാണ, വിതരണ ശൃംഖലയുടെ ലീഡർ ആയ ബംഗ്ലാദേശി ദെലോറ പ്രകാശ് ദാരാജിയും അറസ്റ്റിലായി. റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിൽ പ്രവർത്തിക്കുന്ന നാല് മദ്യനിർമാണ കേന്ദ്രങ്ങൾ അടക്കം പത്തു മദ്യനിർമാണ കേന്ദ്രങ്ങൾ റെയ്ഡുകൾക്കിടെ കണ്ടെത്തി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അന്വേഷിക്കുന്ന 34 പേരെ കൂടി പരിശോധനക്കിടെ പിടികൂടി
മെഥനോൾ കലർന്ന മദ്യം അങ്ങേയറ്റം ദോഷകരമാണെന്നും ഉടനടി മരണത്തിലേക്ക് നയിച്ചേക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവരോടും വ്യക്തികളുടെ ജീവന് ഭീഷണിയാകുന്നവരോടും ഒരുവിധ കരുണയും കാണിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു.
വിഷമദ്യ നിർമ്മാണ് ശാലയിൽ പരിശോധന നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം എക്സിലൂടെ പങ്കുവെച്ചു. ദുരന്തത്തിൽ ഇതുവരെ ഇന്ത്യക്കാർ അടക്കം 23 പേർ മരണപ്പെടുകയും 21 പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെടുകയും 160 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്.