റിയാദ് – ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന താന്‍ നിയമക്കുരുക്കിലും സാമ്പത്തിക ബാധ്യതകളിലും അകപ്പെട്ടതായും തന്നെ കബളിപ്പിച്ച് വിദേശി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായും റിയാദ് നിവാസിയായ സൗദി പൗരന്‍ ഹമദ് നാസിര്‍ സുലൈമാന്‍ അബ്ദുറഹ്മാന്‍ പരാതിപ്പെട്ടു.

സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിദേശ തൊഴിലാളിക്ക് ബിസിനസ് സ്ഥാപനം തുറക്കാനാണ് സൗദി പൗരന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്. സ്ഥാപനം തുറന്ന് പൂര്‍ണമായും സ്വന്തം നിലക്ക് നടത്തിപ്പ് ചുമതല വഹിക്കാനും ഇതിന് പകരം പ്രതിമാസം നിശ്ചിത തുക നല്‍കാനും വിദേശ തൊഴിലാളി സൗദി പൗരനുമായി ധാരണയിലെത്തുകയായിരുന്നു. അല്‍പകാലം പിന്നിട്ടതോടെ തന്റെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റാന്‍ വിദേശി ആവശ്യപ്പെട്ടു.
വൈകാതെ തന്റെ പേരിലുള്ള സ്ഥാപനത്തിലേക്ക് വിദേശി ഇറക്കിയ ചരക്കുകളുടെയും സാധനങ്ങളുടെയും പണമായി 40 ലക്ഷത്തോളം റിയാല്‍ ആവശ്യപ്പെട്ട് കമ്പനികള്‍ സൗദി പൗരനുമായി ബന്ധപ്പെട്ടു. ഈ കമ്പനികളുടെ പണം അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ട് വിദേശ തൊഴിലാളിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വിദേശി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൗദി പൗരന് അറിയാന്‍ കഴിഞ്ഞത്.
ബിനാമി ബിസിനസിന് കൂട്ടുനിന്നതിനുള്ള നിയമക്കുരുക്കുകള്‍ക്കു പുറമെ, വന്‍ സാമ്പത്തിക ബാധ്യതയും സൗദി പൗരന്റെ ശിരസ്സിലായി. ബിനാമി ബിസിനസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും വഴിയൊരുക്കുമെന്നും ഇത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കോട്ടംതട്ടിക്കുമെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമാനുസൃത ശിക്ഷകള്‍ ഒഴിവാക്കാനും നിയമങ്ങള്‍ പാലിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സൗദി പൗരന്മാരോടും വിദേശികളോടും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.