റിയാദ്: സൗദി അറേബ്യയില്‍ വിസ കാന്‍സല്‍ ചെയ്ത് ഫൈനല്‍ എക്സിറ്റ് ലഭിച്ചവര്‍ നിശ്ചിത കാലാവധിക്കകം രാജ്യം വിട്ടില്ലെങ്കില്‍ ഹുറൂബാകുന്നതായി റിപ്പോര്‍ട്ട്. ഫൈനല്‍ എക്സിറ്റ് വിസ നിയമം പരിഷ്കരിച്ചതിന് ശേഷമാണ് കാലാവധിക്കകം രാജ്യം വിടാത്തവര്‍ സ്വമേധയാ ഹുറൂബ് ആകുന്നത്.

ഫൈനല്‍ എക്സിറ്റ് അടിച്ചവര്‍ക്ക് 60 ദിവസം രാജ്യത്ത് തങ്ങാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥയിലാണ് ജവാസാത്ത് ഡയറക്ടറേറ്റ് അടുത്തിടെ മാറ്റം വരുത്തിയത്. 60 ദിവസത്തിലധികം കാലാവധി ഇഖാമക്കുണ്ടെങ്കില് എക്സിറ്റടിച്ച ശേഷം 60 ദിവസം വരെ ഇപ്പോഴും സൗദിയില്‍ തങ്ങാം. 60 ദിവസത്തില്‍ കുറവാണെങ്കില്‍ ഇഖാമയുടെ കാലാവധിയാണ് പരിഗണിക്കുക. ഇഖാമക്ക് ഒരു ദിവസം കാലാവധി ബാക്കിയുണ്ടെങ്കിലും എക്സിറ്റ് ലഭിക്കുന്നുണ്ട്. പക്ഷേ ഇഖാമ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് മാത്രം. എക്സിറ്റ് അടിക്കുമ്പോള്‍ കാലാവധി സംബന്ധിച്ച സന്ദേശം മൊബൈലുകളില്‍ എത്തുകയും ചെയ്യും. എക്സിറ്റ് അടിക്കാന്‍ ജീവനക്കാരുടെ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധി വേണമെന്നതാണ് തൊഴില്‍ ദാതാക്കളോട് ജവാസാത്ത് ആവശ്യപ്പെടുന്നത്.

ഫൈനല്‍ എക്സിറ്റിലെ പരിഷ്കാരങ്ങളറിയാതെ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയവരെ സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയച്ചിരുന്നു. ഫൈനല്‍ എക്സിറ്റ് കാലാവധി അവസാനിച്ച് ഹുറൂബായവരായിരുന്നു ഇവര്‍. എക്സിറ്റ് കാലാവധി തീര്‍ന്നതും ഹുറൂബായതും ഇവര്‍ അറിഞ്ഞിരുന്നില്ല. എക്സിറ്റടിച്ച ശേഷം 60 ദിവസം സൗദിയില്‍ കഴിയാമെന്ന നിയമം മാറിയതറിഞ്ഞില്ല എന്നാണ് ഇവരിലൊരാള്‍ മലയാളം ന്യൂസിനോട് പറഞ്ഞത്. ഫൈനല്‍ എക്സിറ്റ് അടിക്കുകയും ഇഖാമയുടെ കാലാവധി അവസാനിക്കുകയും ചെയ്ത ശേഷം സൗദിയില്‍ തങ്ങിയത് കാരണം ഇദ്ദേഹം ഹുറൂബ് ആയതായിരുന്നു. ഇനി ഹുറൂബിന്റെ നിയമക്കുരുക്കള്‍ അഴിച്ച ശേഷമേ നാട്ടിലേക്ക് പോകാനാവൂ.