കുവൈത്ത് സിറ്റി– അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കുവൈത്തിലെ പ്രമുഖ ഫാഷൻ ഇൻഫ്ലൂവൻസർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷം തടവും 4,750 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞാൽ പ്രതിയെ എന്നെന്നേക്കുമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

കുവൈത്തിലെ നിയമങ്ങൾക്ക് വിരുദ്ധമായി അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിനാണ് ഇൻഫ്ലൂവൻസറെ അറസ്റ്റ് ചെയ്തത്. അവരുടെ മൊബൈൽ ഫോൺ കണ്ടുകെട്ടുകയും ചെയ്തു. ഇത്തരത്തിൽ വീഡിയോ പങ്കുവെച്ചതായി സൈബർ ക്രൈം ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തതോടെയാണ് കേസ് ആരംഭിച്ചത്. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി കുവൈത്ത് അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.