GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇയിലെ ജോലിക്കായി എത്തുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ; ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധം

അബുദാബി– യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിക്കായി എത്തുന്നവർക്ക് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ നിയമനത്തിന് ഔദ്യോഗിക ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധമാണെന്ന് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.


ഓഫർ ലെറ്ററിൽ ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. അതിനുശേഷം തൊഴിലാളി ആ ലെറ്റർ വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. ഇതാണ് നിയമനത്തിനുള്ള ആദ്യഘട്ടം. അടുത്ത പടിയായി സാമൂഹിക സുരക്ഷാ ഇൻഷുറൻസിന്റെ ഭാഗമാക്കണം. തൊഴിലാളിക്കു മന്ത്രാലയത്തിൻ്റെ വർക്ക് പെർമിറ്റും നിർബന്ധമാണ്.


തൊഴിലുടമയും തൊഴിലാളിയും ഒപ്പിട്ട തൊഴിൽ കരാർ, മന്ത്രാലയം അംഗീകരിച്ചിട്ടുള്ളതാകണം. ഈ കരാറിലേയ്ക്ക് പ്രാഥമിക ഓഫർ ലെറ്ററിലുള്ള വിവരം അടിസ്ഥാനമാക്കി ജോലി വിശദാംശങ്ങളും ആനുകൂല്യങ്ങളും ഉൾപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. ജോലി തേടി യു.എ.ഇലെത്തുന്നവർ ഇക്കാര്യങ്ങളെക്കുറിച്ച് പൂർണ ബോധ്യവാന്മാരായിരിക്കണമെന്നും അധികൃതർ പറയുന്നു.

താൽക്കാലികമായി ലഭിക്കുന്ന ജോലിയോ സന്ദർശക വിസയിൽ ലഭിക്കുന്ന ജോലിയോ മന്ത്രാലയത്തിൻ്റെ അനുമതിയോടെയുള്ളതല്ല. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കാതെയുള്ള ഒരു നിയമനത്തിനും രാജ്യത്തു സാധുതയില്ല. നിയമാനുസൃതമല്ലാത്ത നിയമനങ്ങൾ പലപ്പോഴും തൊഴിലാളികളെ തൊഴിൽ തട്ടിപ്പിലേക്ക് തള്ളുന്നതിനാൽ അതീവ ജാഗ്രത ആവശ്യമാണ്.

ഈ സാഹചര്യത്തിലാണു രാജ്യത്തിനകത്തു നിന്നുള്ള നിയമനമായാലും വിദേശ രാജ്യങ്ങളിൽ നിന്നു പുതിയ വിസയിൽ നിയമിക്കുകയാണെങ്കിലും ഓഫർ ലെറ്റർ നിയമം പാലിക്കണമെന്ന നിർദേശം വന്നത്. മന്ത്രാലയ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകില്ല. ഓഫർ ലെറ്ററിൽ പറഞ്ഞതിലും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയാലും കുറയാൻ പാടില്ല. കുറഞ്ഞാൽ തൊഴിൽ കരാറിന് അംഗീകാരം ലഭിക്കില്ല. തൊഴിൽ വാഗ്ദാനം വ്യാജമാണെന്നു വ്യക്തമായാൽ പരാതിപ്പെടണം. ഓഫർ ലെറ്ററുമായി യോജിക്കാത്ത തൊഴിൽ കരാറുകൾ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാം.

തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ താത്ക്കാലിക ആശ്വാസം നൽകുന്ന തൊഴിൽ ഇൻഷുറൻസ് പദ്ധതിയിലും തൊഴിലാളി ഭാഗമാകണമെന്നും, ആരോഗ്യ ഇൻഷുറൻസിന് കീഴിൽ എത്തിക്കുന്ന ഉത്തരവാദിത്വം തൊഴിലുടമയുടെതായിരിക്കുമെന്നും വ്യക്തമാക്കി. വിസയും യു.എ.ഇ ഐഡി കാർഡും ലഭ്യമാക്കേണ്ടത് നിയമത്തിന്റെ ഭാഗമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!