ദുബൈ– ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത്. വിമാനത്തിൽ യാത്രക്കാർ പ്രവേശിച്ചതിന് ശേഷം പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ കണ്ടെത്തുന്നത്.

t.me/gulfmalayalamnewsadmin
രാവിലെ 8.15ന് തന്നെ യാത്രക്കാർ വിമാനത്തിൽ പ്രവേശിച്ചിരുന്നു. സാങ്കേതിക തകരാർ മൂലം യാത്രക്കാർ വിമാനത്തിന്റെ അകത്ത് നാല് മണിക്കൂറോളം നേരം കൊടും ചൂടിൽ ആണ് ഇരുന്നത്. വിമാനത്തിന്റെ അകത്ത് എസി പ്രവർത്തിച്ചിരുന്നില്ലെന്നും വിമാനത്തിലെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു.

ഐഎക്സ് 346 നമ്പർ വിമാനമാണ് പറക്കുന്നതിന് തൊട്ടുമുമ്പ് റദ്ദാക്കിയത്. വിമാനം എപ്പോൾ പുറപ്പെടുമെന്നതിനെ കുറിച്ച് കൃത്യമായ വിവരം നൽകിയില്ലെന്നും, കടുത്ത ചൂടുള്ള അന്തരീക്ഷത്തിൽ എസി പ്രവർത്തക്കാതെയുമാണ് യാത്രക്കാർ നാല് മണിക്കൂർ വിമാനത്തിന് അകത്ത് തുടർന്നത്. ഒടുവിൽ 12.15 നാണ് സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കുന്നതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്.
വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാമെന്നും രാത്രി 3.30 ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാമെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിവാഹം മരണം തുടങ്ങിയ അടിയന്തിര സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ ഇത് നിരസിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയും വലിയ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് റീഫണ്ടിന്റെ കാര്യത്തിൽ അധികൃതർ ഉറപ്പ് നൽകിയിട്ടില്ലെന്നാണ് ചില യാത്രക്കാർ പറയുന്നത്.
വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത് എന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. യാത്രക്കാർക്ക് പകരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എസി പ്രവർത്തനക്ഷമമായിരുന്നെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ അൽപ്പ സമയം ചെയ്യേണ്ടിവന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
തിരുവനന്തപുരം അബൂദാബി ഐഎക്സ് 523 എയർ ഇന്ത്യ വിമാനവും ഒന്നര മണിക്കൂറോളം വൈകിയിരുന്നു. ഇന്ത്യൻ സമയം 1.15 ന് പുറപ്പെടേണ്ട വിമാനം 2.40 നാണഅ പുറപ്പെട്ടത്. വ്യാഴാഴ്ച ജയ്പൂരിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കിയിരുന്നു.