ജിദ്ദ – വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികളെ തുടര്‍ന്ന് വൈദ്യുതി സേവന നിലവാര ഗൈഡ് ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇലക്ട്രിസിറ്റി കമ്പനി നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന ഒമ്പത് ഗ്യാരണ്ടീഡ് മാനദണ്ഡങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മീറ്റര്‍ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. മൂന്നു ദിവസത്തിനു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. പണമടച്ചതിന് ശേഷം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈകിയാല്‍ ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ അധിക നഷ്ടപരിഹാരവും ലഭിക്കും.

ബില്ലടച്ച് രണ്ട് മണിക്കൂറിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ഗൈഡ് ഇലക്ട്രിസിറ്റി കമ്പനിയോട് ആവശ്യപ്പെടുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറിനും 100 റിയാല്‍ വരെ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കും. ഉപഭോക്താവിനെ രണ്ട് ദിവസം മുമ്പ് മുന്‍കൂട്ടി അറിയിക്കാതെ അറ്റകുറ്റപ്പണികള്‍ക്കും മറ്റും വേണ്ടി ആസൂത്രണം ചെയ്തതു പ്രകാരം വൈദ്യുതി വിതരണം മുടങ്ങിയാല്‍ ഉപഭോക്താവിന് 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. ആസൂത്രണം ചെയ്തതു പ്രകാരം വൈദ്യുതി മുടങ്ങി ആറ് മണിക്കൂറില്‍ കൂടുതല്‍ സമയം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയാല്‍ ഉപഭോക്താവിന് 200 റിയാലും അധികമുള്ള ഓരോ മണിക്കൂറിനും 50 റിയാല്‍ തോതിലും നഷ്ടപരിഹാരം ലഭിക്കും.

അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ സേവനം പുനഃസ്ഥാപിക്കണം. ഈ സമയം കവിഞ്ഞാല്‍ 50 റിയാല്‍ നഷ്ടപരിഹാരത്തിനും ഓരോ അധിക മണിക്കൂറിനും 50 റിയാല്‍ തോതില്‍ നഷ്ടപരിഹാരത്തിനും ഉപഭോക്താവിന് അര്‍ഹതയുണ്ട്. പ്രത്യേക നഗരത്തിലോ ഗവര്‍ണറേറ്റിലോ ആറു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മൊത്തം വൈദ്യുതി തടസ്സമുണ്ടായാല്‍ നഗരത്തിനോ ഗവര്‍ണറേറ്റിനോ അനുവദിച്ച മൊത്തം നഷ്ടപരിഹാര തുക 20 കോടി റിയാലില്‍ കവിയാത്ത നിലക്ക് ഓരോ ഉപഭോക്താവിനും 1,000 റിയാല്‍ വരെ നഷ്ടപരിഹാരം നല്‍കും. അനുവദിച്ച മൊത്തം നഷ്ടപരിഹാര തുക 20 കോടി റിയാല്‍ കവിയുന്ന പക്ഷം ഓരോ ഉപഭോക്താവിനും ആനുപാതികമായ നഷ്ടപരിഹാരം കണക്കാക്കി വിതരണം ചെയ്യും.
അനധികൃത സമയങ്ങളില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതിനും നിശ്ചിത സമയം ആകുന്നതിനു മുമ്പായി കണക്ഷന്‍ വിച്ഛേദിക്കുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നതിന് കമ്പനി ഉടനടി 500 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ബില്ലുകളുമായി ബന്ധപ്പെട്ട പരാതികള്‍ അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ പരിഹരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ പരാതി പരിഹാരത്തിന് വൈകുന്ന ഓരോ ദിവസത്തിനും 50 റിയാലും നഷ്ടപരിഹാരം നല്‍കണം.
പ്രശ്‌നം നേരിട്ട തീയതി മുതല്‍ 10 പ്രവൃത്തി ദിവസത്തില്‍ കവിയാത്ത കാലയളവിനുള്ളില്‍ പരാതി നല്‍കാതെ തന്നെ ഇലക്ട്രിസിറ്റി കമ്പനി സ്വയമേവ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഗൈഡ് അനുശാസിക്കുന്നു. നഷ്ടപരിഹാര തുകകള്‍ ഉപഭോക്താവിന്റെ ബില്ലിലോ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ നിക്ഷേപിക്കും. പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വെള്ളപ്പൊക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, ഭൂകമ്പങ്ങള്‍ തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ പോലെ കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണമാണ് വൈദ്യുതി മുടങ്ങുന്നതെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥമല്ല.