ജിദ്ദ: ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) വിതരണത്തിനുള്ള കർശന നിയന്ത്രണങ്ങൾ ഊർജ മന്ത്രാലയം പുറപ്പെടുവിച്ചു. ലൈസൻസ് നേടുന്നതിനും പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള വ്യവസ്ഥകൾ, സാങ്കേതിക മാനദണ്ഡങ്ങൾ, മേൽനോട്ട നടപടിക്രമങ്ങൾ എന്നിവ ഈ ചട്ടങ്ങളിൽ ഉൾപ്പെടുന്നു.

പ്രവർത്തന ലൈസൻസിനായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ എല്ലാ ഉപകരണങ്ങളും ടാങ്കുകളും ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഫില്ലിംഗ്, സംഭരണ സൗകര്യങ്ങൾ സ്ഥാപിക്കാനും വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ലൈസൻസുള്ള വിതരണക്കാരിൽനിന്ന് എൽ.പി.ജി നേടണം. പുതിയ ലൈസൻസിനും പുതുക്കലിനും 20,000 റിയാൽ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ആരോഗ്യകരമായ മത്സരം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കമ്പനികൾ ഏർപ്പെടരുതെന്നും മുൻകൂർ അനുമതിയില്ലാതെ വിതരണം നിർത്തരുതെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഗ്യാസ് വിതരണത്തിനുള്ള ടാങ്കറുകളിലും ട്രക്കുകളിലും ഊർജ മന്ത്രാലയവുമായും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുമായും ബന്ധിപ്പിച്ച ട്രാക്കിംഗ് സംവിധാനം ഉപയോഗിക്കണം. അപകടത്തിൽപ്പെടുന്ന ടാങ്കുകളും ട്രക്കുകളും വിതരണ കമ്പനികൾ കൈകാര്യം ചെയ്യണം. വാഹനവ്യൂഹത്തിന്റെ വലുപ്പത്തിനനുസരിച്ച് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കണം. ഉപകരണങ്ങളും ടാങ്കുകളും പതിവായി പരിപാലിക്കണമെന്നും അറ്റകുറ്റപ്പണി, കാലിബ്രേഷൻ രേഖകൾ കുറഞ്ഞത് അഞ്ച് വർഷം സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്.
ക്വാളിഫിക്കേഷൻ അപേക്ഷകൾ മന്ത്രാലയം നിർദേശിച്ച രീതിയിലും സമയപരിധിയിലും സമർപ്പിക്കണം. ഭരണപരവും സാങ്കേതികവുമായ വൈദഗ്ധ്യം, സാമ്പത്തിക ശേഷി എന്നിവ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടുത്തണം. യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് മന്ത്രാലയം ടെൻഡർ രേഖ അയക്കും. ടെൻഡർ രേഖയിൽ ഭേദഗതി വരുത്താനോ, വീണ്ടും സമർപ്പിക്കാനോ, റദ്ദാക്കാനോ മന്ത്രാലയത്തിന് അവകാശമുണ്ട്. ടെൻഡറിൽ പങ്കെടുക്കുന്നവർ സാങ്കേതിക ടെൻഡറുകൾ മന്ത്രാലയത്തിന്റെ അവലോകനത്തിനായി സമർപ്പിക്കണം. വിജയിക്കുന്ന ടെൻഡർ പ്രഖ്യാപിക്കും.
വ്യാവസായിക നഗരങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നഗരസഭാ, പാർപ്പിട മന്ത്രാലയത്തിൽനിന്ന് വാണിജ്യ പ്രവർത്തന ലൈസൻസോ, വ്യാവസായിക ഭൂമി അനുവദിക്കൽ കരാറോ നേടണം. ചരക്ക് ഗതാഗത ലൈസൻസ്, വിദേശ നിക്ഷേപകർക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും നിക്ഷേപ മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസും ആവശ്യമാണ്.