GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതര്‍

ജിദ്ദ – ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോകുന്നതിനിടെ സൗദിയ വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടതായി സൗദി എയര്‍ലൈന്‍സ് വെളിപ്പെടുത്തി.


207 പുരുഷന്മാരും 235 സ്ത്രീകളും ഉള്‍പ്പെടെ 442 യാത്രക്കാരുമായി സഞ്ചരിച്ച എസ്.വി 5276 -ാം നമ്പര്‍ വിമാനത്തിന് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതായും സൗദിയ വിശദീകരിച്ചു. വിമാനം ക്വാലാനാമു വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചതായും സൗദി എയര്‍ലൈന്‍സ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പുകള്‍ വിമാനത്തില്‍ സുരക്ഷാ, സാങ്കേതിക പരിശോധനകള്‍ നടത്തി. വിമാനത്തിന് ഒരു ഭീഷണിയുമില്ലെന്ന് പരിശോധനകളില്‍ വ്യക്തമായി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് സൗദി എയര്‍ലൈന്‍സ് എപ്പോഴും മുന്‍ഗണന നല്‍കുന്നതായും എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!