GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അറഫ ഖുതുബ 35 ഭാഷകളില്‍ ലോക മുസ്‌ലിംകളില്‍ എത്തിക്കാനുള്ള പ്രത്യേക പദ്ധതി

മക്ക – ഹജ് കര്‍മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിനിടെ ലോക മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് നടത്തുന്ന ഉദ്‌ബോധന പ്രസംഗം ഇത്തവണ 35 ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യും. അറഫ ഖുതുബയുടെ സന്ദേശം 35 ഭാഷകളില്‍ ലോക മുസ്‌ലിംകളില്‍ എത്തിക്കാനുള്ള പ്രത്യേക പദ്ധതിക്ക് ഹറം മതകാര്യ വകുപ്പ് സമാരംഭം കുറിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കുകയും ആഗോളതലത്തില്‍ വ്യത്യസ്ത ഭാഷകളില്‍ മിതവാദ സന്ദേശം എത്തിക്കുകയും ചെയ്യുന്ന ഈ പദ്ധതി 50 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.


ലോകത്തിന് മുന്നില്‍ മിതവാദത്തെ കുറിച്ച സൗദി അറേബ്യയുടെ സന്ദേശം ഉയര്‍ത്തിക്കാട്ടാനായി അറഫ ഖുതുബ വിവര്‍ത്തനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതായി ഹറം മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഖുതുബയുടെ ഫലങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഹജ് തീര്‍ഥാടകരുടെയും ഇരു ഹറമുകളും സന്ദര്‍ശിക്കുന്നവരുടെയും മതപരമായ അറിവ് സമ്പന്നമാക്കാനും അറഫ ഖുതുബ സന്ദേശം ആഗോളതലത്തില്‍ എത്തിക്കാനുമായി പ്രത്യേക പദ്ധതി തയാറാക്കാനായി സ്വതന്ത്ര കമ്മിറ്റി രൂപീകരിച്ച് ഹറം മതകാര്യ വകുപ്പ് അറഫ ഖുതുബക്ക് പ്രത്യേക ശ്രദ്ധ നല്‍കിയതായും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

ഈ വര്‍ഷത്തെ അറഫ ഖുതുബ നിര്‍വഹിക്കാന്‍ ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദിനെ ചുമതലപ്പെടുത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!