റിയാദ്: തലസ്ഥാന നഗരിയിലെ ബത്ഹയിലെ രണ്ടു വെയര്‍ഹൗസുകളില്‍ വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി. അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള, ഉറവിടമറിയാത്ത വ്യാജ മൊബൈല്‍ ഫോണുകളും ആക്‌സസറീസും അറബ് വംശജന്‍ വന്‍തോതില്‍ ശേഖരിച്ച് ഒറിജിനലാണെന്ന വ്യാജേന വില്‍ക്കുകയായിരുന്നു.

പ്രാദേശിക വിപണിയില്‍ ആറായിരം റിയാല്‍ വിലവരുന്ന ഐഫോണുകളുടെയും മറ്റും വ്യാജനാണ് വെയര്‍ഹൗസുകളില്‍ കണ്ടെത്തിയത്. ഇവയില്‍ ബഹുഭൂരിഭാഗവും ആപ്പിള്‍ കമ്പനിയുടെ പേരിലുള്ള വ്യാജ ഉല്‍പന്നങ്ങളാണ്.
സ്മാര്‍ട്ട് ഫോണുകള്‍, ചാര്‍ജറുകള്‍, കേബിളുകള്‍, വയേര്‍ഡ്, വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ എന്നിവ അടക്കം 35,000 ലേറെ വ്യാജ ഉല്‍പന്നങ്ങള്‍ വെയര്‍ഹൗസുകളില്‍ നിന്ന് പിടികൂടി. വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ച അറബ് വംശജനെ ബന്ധപ്പെട്ട വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വ്യാജ സ്മാര്‍ട്ട് ഫോണുകള്‍ സൂക്ഷിച്ച വെയര്‍ ഹൗസുകളില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.