ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 9,750 കോടി റിയാല്‍ അറ്റാദായം. പ്രതീക്ഷകള്‍പ്പുറ്റമുള്ള ലാഭം കൈവരിക്കാന്‍ അറാംകൊക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ ലാഭം 4.6 ശതമാനം തോതില്‍ കുറഞ്ഞു. 2024 ആദ്യ പാദത്തില്‍ കമ്പനി 10,230 കോടി റിയാല്‍ ലാഭം നേടിയിരുന്നു.

ആദ്യ പാദത്തിലെ അടിസ്ഥാന ലാഭവിഹിതമായി 7,930 കോടി റിയാലും പ്രകടവുമായി ബന്ധപ്പെട്ട ലാഭവിഹിതമായി 80 കോടി റിയാലും ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്ന ലാഭവിഹിതം 4.2 ശതമാനം കൂടുതലാണ്. തന്ത്രപരമായ ദീര്‍ഘകാല വളര്‍ച്ച പിന്തുണക്കാനായി ആദ്യ പാദത്തില്‍ കമ്പനിയുടെ മൂലധനച്ചെലവ് 4,710 കോടി റിയാലായി.

ആഗോള വ്യാപാര മേഖലയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ ആദ്യ പാദത്തില്‍ ആഗോള ഊര്‍ജ വിപണികളെ സ്വാധീനിച്ചതായും ഇത് സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാവുകയും എണ്ണ വിലയെ ബാധിച്ചതായും സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു. എന്നിരുന്നാലും കമ്പനിയുടെ അതുല്യമായ വലിപ്പവും വിശ്വാസ്യതയും കുറഞ്ഞ പ്രവര്‍ത്തനച്ചെലവും കാര്യക്ഷമതയിലും നൂതന സാങ്കേതികവിദ്യകളിലുമുള്ള ശ്രദ്ധയും സൗദി അറാംകൊയുടെ ശക്തമായ സാമ്പത്തിക പ്രകടനം വ്യക്തമാക്കി. മൂലധന ആസൂത്രണത്തിലും നിര്‍വഹണത്തിലും വഴക്കത്തിന്റെയും അച്ചടക്കത്തിന്റെയും പ്രാധാന്യത്തിലേക്കും ദീര്‍ഘകാല തന്ത്രത്തിന്റെ തുടര്‍ച്ചയിലേക്കും ഇത്തരം കാലഘട്ടങ്ങള്‍ വെളിച്ചംവീശുന്നു. സാമ്പത്തിക പ്രകടനത്തിന്റെ കരുത്തും സുസ്ഥിരവും വര്‍ധിച്ചുവരുന്നതുമായ ലാഭവിഹിത വിതരണവും അസ്ഥിരമായ സമയങ്ങളില്‍ സൗദി അറാംകൊയുടെ സവിശേഷത പ്രകടമാക്കുന്നു.
എല്ലാ തരം ഊര്‍ജവും പ്രധാനമാണ്. വര്‍ധിച്ചുവരുന്ന ആഗോള ഊര്‍ജ ആവശ്യകത നിറവേറ്റുന്നതില്‍ അവ പങ്കു വഹിക്കുന്നുണ്ട്. പര്യവേക്ഷണം, ഉല്‍പാദനം, ശുദ്ധീകരണം, രാസവസ്തുക്കള്‍, വിപണനം, പുതിയ ഊര്‍ജ പദ്ധതികളുടെ വികസനം, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള പ്രവര്‍ത്തനം എന്നീ മേഖലകളില്‍ വളര്‍ച്ചാ തന്ത്രം നടപ്പാക്കുന്നത് കമ്പനി തുടരും. വാതക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലെ പുരോഗതി, റീട്ടെയില്‍ മേഖലയില്‍ ആഗോള വികാസം, പെട്രോകെമിക്കല്‍ തന്ത്രത്തിന്റെ വികസനം, നീല ഹൈഡ്രജന്‍ ഉല്‍പാദന മേഖലയിലെ പുരോഗതി, കാര്‍ബണ്‍ പിടിച്ചെടുക്കലില്‍ തുടര്‍ച്ചയായ നവീകരണം എന്നീ അഭിലാഷങ്ങള്‍ സൗദി അറാംകൊ സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു.