ന്യൂയോർക്ക്- ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ സമാധാനത്തിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പോസ്റ്റ് ചെയ്തു. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റ് ചെയ്തു.

അതേസമയം, ഇക്കാര്യം ഇന്ത്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഇന്ന് വൈകിട്ട് ആറിന് സംയുക്ത പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ ഇക്കാര്യം വ്യക്തമാകും എന്നാണ് കരുതുന്നത്.
ഇന്ത്യയും പാകിസ്ഥാനും ഉടനടി പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ പറഞ്ഞു. പാകിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും വിട്ടുവീഴ്ചയില്ലാതെ എപ്പോഴും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാക്കിസ്ഥാൻ പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.