ജിദ്ദ: വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാൻ സൗദിയ ഗ്രൂപ്പ് എയർബസുമായി കരാർ ഒപ്പുവെച്ചു. എയർബസ് എ330 നിയോ ഇനത്തിൽ പെട്ട വൈഡ്‌ബോഡി വിമാനങ്ങൾ ഉപയോഗിച്ച് വിമാനനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ.

സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനു വേണ്ടി പത്തു വിമാനങ്ങളും സൗദിയക്കു വേണ്ടി പത്തു വിമാനങ്ങളുമാണ് വാങ്ങുന്നത്. പ്രവർത്തനക്ഷമത, ദീർഘദൂര ശ്രേണി, അങ്ങേയറ്റത്തെ വഴക്കം എന്നിവ ഈ മോഡലിന്റെ സവിശേഷതകളാണ്. പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കാനുമുള്ള സൗദിയ ഗ്രൂപ്പിന്റെ തന്ത്രത്തിന് അനുസൃതമായാണ് പുതിയ കരാർ.

ഫ്രാൻസിലെ ടുലൂസിലുള്ള എയർബസ് ഫാക്ടറിയിൽ സൗദിയ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ ഇബ്രാഹിം അൽഉമർ, എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ്പ് ഫഌറ്റ് മാനേജ്‌മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാലിഹ് ഈദും എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്എക്‌സുപെറിയും കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രകാരമുള്ള ആദ്യ വിമാനം 2027ലും അവസാന വിമാനം 2029ലും സൗദിയക്ക് ലഭിക്കും. വിമാനനിര ആധുനികവൽക്കരിക്കാനും വികസിപ്പിക്കാനുമുള്ള പദ്ധതിയുടെ തുടർച്ചയാണ് പുതിയ കരാറെന്ന് എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. കഴിഞ്ഞ വർഷം സൗദിയ ഗ്രൂപ്പ് എയർബസുമായി 105 വിമാനങ്ങൾക്ക് കരാർ ഒപ്പുവെച്ചിരുന്നു. സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും വിനോദസഞ്ചാരികളുടെ എണ്ണം 15 കോടിയായും ഉയർത്താൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 പ്രകാരമുള്ള വിവിധ ദേശീയ തന്ത്രങ്ങൾ കൈവരിക്കാൻ പുതിയ വിമാന ഇടപാടുകൾ സഹായിക്കും. പ്രവർത്തന ആവശ്യകതകളെ കുറിച്ച സാധ്യതാ പഠനവുമായി പുതിയ കരാർ ഒത്തുപോകുന്നു. സൗദിയ ഗ്രൂപ്പിന്റെയും, വിമാനനിര നവീകരണ, വികസന പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കുമെന്നും എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു.
ദീർഘദൂര വിമാന സർവീസുകൾക്കായി പുതിയ വിപണികൾ തുറക്കുന്നതിലൂടെയും പുതിയ ഉപഭോക്തൃ വിഭാഗങ്ങളെ ആകർഷിക്കുന്നതിലൂടെയും സൗദി അറേബ്യയുടെ വ്യോമയാന അഭിലാഷങ്ങളെ പിന്തുണക്കുന്നതിൽ പുതിയ ഓർഡർ സുപ്രധാന ചുവടുവെപ്പാണെന്ന് എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്എക്‌സുപെറി പറഞ്ഞു.
പുതിയ തലമുറ എ330 നിയോയുടെ കാര്യക്ഷമത, തെളിയിക്കപ്പെട്ട വഴക്കം, യാത്രക്കാർക്ക് നൽകുന്ന മികച്ച അനുഭവം എന്നിവയെല്ലാം സൗദിയ ഗ്രൂപ്പിന്റെ തന്ത്രപരമായ വളർച്ചയെ പിന്തുണക്കുമെന്നും വ്യോമയാന മേഖലയിൽ ആഗോള തലത്തിൽ മുൻനിര കമ്പനിയെന്ന നിലയിൽ സൗദിയയുടെ സ്ഥാനം ഉറപ്പിക്കുമെന്നും ബെനോയിറ്റ് ഡി സെന്റ്എക്‌സുപെറി പറഞ്ഞു. സൗദിയ ഗ്രൂപ്പിനു കീഴിൽ നിലവിൽ 194 വിമാനങ്ങളുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 191 പുതിയ വിമാനങ്ങൾ കൂടി സൗദിയക്ക് ലഭിക്കും.