ജിദ്ദ: സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ചുമെന്റുകളോ അടങ്ങിയ സന്ദേശങ്ങൾ തുറക്കുന്നതിനെതിരെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റവാളികൾ ഇരയുടെ അജ്ഞതയെയും അമിത ആത്മവിശ്വാസത്തെയും ആശ്രയിക്കുന്നതായി ‘അവർ നിങ്ങളെ ചൂഷണം ചെയ്യുന്നു’ എന്ന ശീർഷകത്തിൽ പൊതുസുരക്ഷാ വകുപ്പ് നടത്തുന്ന ബോധവൽക്കരണ കാമ്പയിൻ പറഞ്ഞു.

അജ്ഞാത ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം തട്ടിപ്പിലേക്കും നിങ്ങളുടെ ബാങ്കിംഗ്, വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നതിനും ഒരു കവാടമാകും. സൈബർ തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ വഴിയോ, റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു.
