ജിദ്ദ : ഒരുവർഷം മുമ്പ് ആരംഭിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇന്നലെ അർധ രാത്രി 11.59 ന് ആണ് പിഴയിളവ് ആനുകൂല്യം അവസാനിച്ചത്.

ഗതാഗത നിയമ ലംഘനങ്ങൾക്ക് നേരത്തെ ചുമത്തിയ പിഴകൾ ഇന്നു മുതൽ പൂർണ തോതിലായി മാറി. ജീവന്റെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുകയും നിയമ ലംഘനങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.
2024 ഏപ്രിൽ 18ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിച്ചിരുന്നത്. മുഴുവൻ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകമായോ അടക്കാൻ സൗകര്യമുണ്ടായിരുന്നു. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 120 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 50 കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 140 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 30 കിലോമീറ്റർ കൂടുതൽ വേഗത്തിൽ വാഹനമോടിക്കൽ എന്നീ നിയമ ലംഘനങ്ങൾ ഇളവ് കാലയളവിൽ നടത്തുന്നവർക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം 2024 ഏപ്രിൽ അഞ്ചിനാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 2024 ഒക്‌ടോബർ 18 വരെ ആറു മാസമാണ് പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ ആദ്യം സമയം അനുവദിച്ചിരുന്നത്. ഈ സാവകാശം അവസാനിച്ചതോട 2024 ഒക്‌ടോബർ 19ന് ആറു മാസത്തേക്ക് കൂടി പദ്ധതി ദീർഘിപ്പിക്കുകയായിരുന്നു. ഇത് ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു.