ദമാം – സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ പോയിന്റ് രിതി നടപ്പാക്കാന്‍ തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. യാത്രക്കാര്‍ക്ക് ഇനി മുതല്‍ സൗദി കസ്റ്റംസ് പോയിന്റിലൂടെ നിര്‍ത്താതെ കടന്നുപോകാനും ഡാറ്റയും വാഹന വിവരങ്ങളും പരിശോധിക്കാന്‍ സൗദി പാസ്പോര്‍ട്ട് പോയിന്റിലേക്ക് പോകാനും കഴിയും. സൗദി നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കു മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ഇത്തരം വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് കസ്റ്റംസ് പരിശോധനാ പോയിന്റില്‍ വാഹനം നിര്‍ത്താതെ ജവാസാത്ത് കൗണ്ടറിലെത്തി മുഴുവന്‍ നടപടിക്രമങ്ങളും ഒറ്റടയടിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും.

സിംഗിള്‍ പോയിന്റ് സംവിധാനം നിലവില്‍ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ലെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ അതിര്‍ത്തി നിയമങ്ങളും നടപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും കുറഞ്ഞ സമയത്തിനുള്ളിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി കോസ്‌വേ പ്ലസ് ട്രാക്ക് ആരംഭിച്ചിരുന്നു. ഇത് കസ്റ്റംസ്, ജവാസാത്ത് ഏരിയകളിലൂടെ വേഗത്തില്‍ കടന്നുപോകാന്‍ യാത്രക്കാരെ അനുവദിക്കുന്ന ട്രാക്ക് ആണ്. സ്മാര്‍ട്ട് ഫോണുകളിലെ കോസ്‌വേ ആപ്ലിക്കേഷന്‍ വഴി പുതിയ ട്രാക്ക് ഉപയോഗിക്കാനുള്ള സമയം ബുക്ക് ചെയ്യാനും ഫീസ് അടക്കാനും കഴിയും. ആപ്ലിക്കേഷനില്‍ യാത്രക്കാരന്‍ നിര്‍ണയിച്ച സമയത്തിന്റെ ഒരു മണിക്കൂറിനുള്ളില്‍ കോസ്‌വേയിലൂടെ കടന്നുപോകാനാകും. വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താന്‍ മണിക്കൂറില്‍ നിശ്ചിത എണ്ണം വാഹനങ്ങള്‍ കടന്നുപോകാന്‍ മാത്രമാണ് ഈ സേവനം വഴി അനുവദിക്കുന്നത്.
ക്രോസിംഗ് ഗേറ്റുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വാഹന നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യാനും ഓട്ടോമാറ്റിക് ക്രോസിംഗ് സുഗമമാക്കാനുമായി കോസ്‌വേ ആപ്പുമായി ക്യാമറകളെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോയോഗിക്കുന്നവര്‍ക്കായി നടപടിക്രമ മേഖലകളുടെ ശേഷി വര്‍ധിപ്പിക്കുകയും പാസഞ്ചര്‍ ലോഞ്ചുകള്‍ വികസിപ്പിക്കുകയും ചെയ്തതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരുന്നു. നടപടിക്രമ മേഖലയുടെ ശേഷി 50 ശതമാനം തോതില്‍ വര്‍ധിപ്പിച്ചു. സുഗമമായ ഗതാഗതവും സുരക്ഷയും സുരക്ഷാ ആവശ്യകതകളും കണക്കിലെടുത്ത് നൂതനമായ രീതിയിലാണ് ട്രാക്കുകളും ക്യാബിനുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്.
നടപടിക്രമ മേഖലകളുടെ ശേഷി ഉയര്‍ത്തിയതിലൂടെ മണിക്കൂറില്‍ 2,500 വാഹനങ്ങള്‍ സ്വീകരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമഗ്രമായ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഹാളുകള്‍ സജ്ജീകരിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നക്കായി പാസഞ്ചര്‍ ലോഞ്ച് വികസിപ്പിക്കുകയും ചെയ്തു. നടപടിക്രമ മേഖലകളില്‍ നടപ്പാക്കിയ ആദ്യ ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ മണിക്കൂറില്‍ 1,800 വാഹനങ്ങള്‍ക്കു പകരം 2,500 വാഹനങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിലക്ക് ശേഷി വര്‍ധിച്ചു.
സര്‍വീസ് ക്യാബിനുകള്‍, നടപടിക്രമ ക്യാബിനുകള്‍, ഡാറ്റ ക്യാബിനുകള്‍ എന്നിവ അടക്കം നടപടിക്രമ മേഖലകളില്‍ ക്യാബിനുകളുടെ എണ്ണം 235 ആയി വികസന പദ്ധതിയിലൂടെ ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം കിംഗ് ഫഹദ് കോസ്വേയിലൂടെ ഇരു ദിശകളിലേക്കുമായി 3.3 കോടിയിലേറെ യാത്രക്കാര്‍ സഞ്ചരിച്ചതായി അതോറിറ്റി വെളിപ്പെടുത്തി. 1986 ല്‍ പാലം തുറന്ന ശേഷം ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണമാണിത്. തിരക്കേറിയ സമയങ്ങളില്‍ പാലം കടക്കാനുള്ള ശരാശരി സമയം ഏകദേശം 21 മിനിറ്റായി കുറയുകയും ചെയ്തു.