റിയാദ് – വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ലൈസൻസ് നേടി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ലൈസന്‍സ് അനുവദിച്ചത്. എല്ലാ റെഗുലേറ്ററി ആവശ്യകതകളും എക്‌സിക്യൂട്ടീവ് ചട്ടങ്ങളും പാലിച്ച ശേഷം ഈ വര്‍ഷം നാലാം പാദത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ആണ് അനുവദിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ഈ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.

എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യ പരീക്ഷണ പറക്കലുകള്‍ ഡിസംബര്‍ 11 ന് റിയാദ് എയര്‍ ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിന്റെ ഭാഗമായായിരുന്നു ഇത്. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണച്ച് ലോകവുമായുള്ള സൗദി അറേബ്യയുടെ വ്യോമ ബന്ധം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ദേശീയ വ്യോമയാന തന്ത്രത്തിന്റെ പദ്ധതികളിലൊന്നായ റിയാദ് എയര്‍ കമ്പനിയുടെ പ്രയാണത്തിലെ പ്രധാന നാഴികക്കല്ലാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്.

റിയാദ് എയര്‍ വിമാനങ്ങളില്‍ കാറ്ററിംഗ് സേവനങ്ങള്‍ നല്‍കാനും ഭക്ഷണം, പാനീയങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിവ വിതരണം ചെയ്യാനുമായി കാട്രിയന്‍ കമ്പനിയുമായ കരാര്‍ ഒപ്പിട്ടതായി റിയാദ് എയര്‍ അറിയിച്ചു. ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാനുള്ള കമ്പനിയുടെ തയാറെടുപ്പുകളുടെ ഭാഗമായി 230 കോടി റിയാലിന്റെ അഞ്ചു വര്‍ഷ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ സിംഗിള്‍-ഐസില്‍ (കോറിഡോര്‍) എയര്‍ബസ് -എ321നിയോ ഇനത്തില്‍ പെട്ട 60 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ റിയാദ് എയര്‍ ഒപ്പുവെച്ചിരുന്നു. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനായി വീതി കൂടിയ 50 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി ബോയിംഗ്, എയര്‍ബസ് എന്നീ കമ്പനികളുമായി റിയാദ് എയര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്.