ജിദ്ദ – സൗദിയില്‍ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന നഗരമായി അബഹക്ക് അംഗീകാരം. നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ കംപ്ലയന്‍സ് (എന്‍.സി.ഇ.സി) ആണ് സൗദിയില്‍ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന നഗരമായി അബഹയെ തെരഞ്ഞെടുത്തത്. അബഹയില്‍ ടൂറിസം മേഖലയെയും സാമ്പത്തിക നിലയെയും ശക്തിപ്പെടുത്തുന്ന പാരിസ്ഥിതിക നേട്ടമാണിത്.

രാജ്യത്തുടനീളമുള്ള അന്തരീക്ഷവായു ഗുണനിലവാര നിരീക്ഷണ നിലയങ്ങളെ അവലംബിച്ചാണ് വിലയിരുത്തല്‍ നടത്തിയത്. ഈ നിലയങ്ങളില്‍ നിന്നുള്ള ഡാറ്റകള്‍ 24 മണിക്കൂറും ജിദ്ദയിലെ സെന്‍ട്രല്‍ മോണിറ്ററിംഗ് റൂമിലേക്ക് ഓട്ടോമാറ്റിക് ആയി അയക്കുന്നു. ഈ ഡാറ്റ പിന്നീട് പ്രോസസ്സ് ചെയ്യുകയും വിശകലനം നടത്തുകയും ചെയ്യുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സൗദിയിലെ നഗരങ്ങളിലെയും പ്രവിശ്യകളിലെയും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്ന ദൈനംദിന, പ്രതിമാസ, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നു. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (യു.എസ്.ഇ.പി.എ), ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് റഫറന്‍സുകളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. 2024 ലെ ഡാറ്റകള്‍ പ്രകാരം സൗദിയില്‍ അബഹയിലാണ് ഏറ്റവും കുറഞ്ഞ അന്തരീക്ഷ മലിനീകരണ തോത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ നഗരങ്ങളില്‍ ഏറ്റവും ശുദ്ധവായുവുള്ളത് അബഹയിലാണെന്ന് ഇത് സ്ഥിരീകരിക്കുന്നു.
സര്‍ക്കാര്‍, സ്വകാര്യ, സുരക്ഷാ മേഖലകളുമായി സഹകരിച്ചും, അസീര്‍ ഗവര്‍ണറേറ്റിന്റെയും അസീര്‍ വികസന അതോറിറ്റിയുടെയും മേല്‍നോട്ടത്തിലും പിന്തുണയിലും നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ കംപ്ലയന്‍സ് സതേണ്‍ റീജിയന് ശാഖ നടത്തിയ ശ്രമങ്ങളുടെ തെളിവാണ് സൗദിയില്‍ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന നഗരമായി അബഹക്ക് ലഭിച്ച അംഗീകാരമെന്ന് സെന്റര്‍ സതേണ്‍ റീജിയന് ബ്രാഞ്ച് ഡയറക്ടര്‍ ഫവാസ് ആലുമജ്തല് പ്രസ്താവനയില്‍ പറഞ്ഞു.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെ പിന്തുണക്കുന്ന ഘടകങ്ങളിലൊന്നാണ് വായുവിന്റെ ഗുണനിലവാരം. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ വായു ഗുണനിലവാര അളക്കല്‍ സ്റ്റേഷനുകള്‍ സൗദി അറേബ്യയിലാണുള്ളത്. ഈ നേട്ടം പ്രാദേശിക, ആഗോള തലങ്ങളില്‍ വിനോദസഞ്ചാര വ്യവസായ മേഖലയില്‍ അബഹയുടെ സ്ഥാനം വര്‍ധിപ്പിക്കും. അതിശയിപ്പിക്കുന്ന പ്രകൃതിയും ആരോഗ്യകരമായ പരിസ്ഥിതിയും ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് അബഹ.
പ്രകൃതിദത്തവും പൈതൃകവുമായ ഘടകങ്ങളും മികച്ച നിക്ഷേപാവസരങ്ങളും കാരണം സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ അബഹക്ക് പ്രധാന സ്ഥാനമുണ്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെയും ജീവിത നിലവാരത്തിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കാനും വിഷന്‍ 2030 നെ പിന്തുണക്കാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു. ഇത് അസീര്‍ പ്രവിശ്യക്കും രാജ്യത്തിന് പൊതുവെയും പ്രയോജനപ്പെടുമെന്നും ഫവാസ് ആലുമജ്തല് പറഞ്ഞു.
മനുഷ്യന്റെ ആരോഗ്യവുമായും ജീവിത നിലവാരവുമായുമുള്ള ബന്ധം കണക്കിലെടുത്ത് സൗദി അറേബ്യ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തിന് മുന്‍ഗണന നല്കുന്നു. പരിസ്ഥിതി സംരക്ഷിക്കാനും മലിനീകരണം കുറക്കാനുമായി രാജ്യം കര്‍ശനമായ നയങ്ങള്‍ സ്വീകരിക്കുന്നു. അന്താരാഷ്ട്ര പരിസ്ഥിതി സംരംഭങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിച്ച് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സുസ്ഥിര വികസനം കൈവരിക്കാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നു.