അബഹ – ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ സ്വര്‍ണച്ചായം പൂശി അലങ്കരിച്ച കസേരകളില്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത് അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ വിലക്കി. മൂന്നാമത് അജാവീദ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി അസീര്‍ പ്രവിശ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അസീര്‍ ഗവര്‍ണര്‍. അസീര്‍ പ്രവിശ്യയില്‍ ഇനി മുതല്‍ പൗരന്മാര്‍ക്കു മുന്നില്‍ സ്വര്‍ണ നിറം പൂശിയ കസേരകളില്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത് പൂര്‍ണമായും വിലക്കിയതായി ഗവര്‍ണര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പൗരന്മാര്‍ക്കു മുന്നിലല്ല ഇരിക്കേണ്ടത്, പൗരന്മാര്‍ക്കു പിന്നിലാണ്.
അസീര്‍ പ്രവിശ്യയില്‍ ഒരു സര്‍ക്കാര്‍ വകുപ്പുകളുടെയും വെയര്‍ഹൗസുകളില്‍ ഇനി മുതല്‍ സ്വര്‍ണ വര്‍ണത്തിലുള്ള കസേരകള്‍ താന്‍ കാണാന്‍ പാടില്ല. ഇവ വെയര്‍ഹൗസുകളില്‍ നിന്ന് നീക്കം ചെയ്യണം. ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് പിന്നിലുള്ള വരികളില്‍ ഇരിക്കണം. പൗരന്മാര്‍ മുന്നിലുള്ള നിരകളില്‍ ഇരിക്കണം – തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ ഹര്‍ഷാരവത്തോടെ സന്തോഷം പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
