ഉംറ യാത്രയ്ക്കിടെ പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് ലഗേജുകൾ പരിശോധിക്കാനും അവയിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകി.
പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, റഡാർ ഡിറ്റക്ടറുകൾ, സ്വകാര്യത ലംഘിക്കുന്ന ഉപകരണങ്ങൾ, ടേസറുകൾ (ഷോക്കടിപ്പിക്കുന്ന ഉപകരണം), ലേസർ പേനകൾ, രഹസ്യ ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന നിരോധിത ഇനങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു.

സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ (https://zatca.gov.sa/) വെബ്‌സൈറ്റ് വഴി നിരോധിത വസ്തുക്കളുടെ പട്ടിക അവലോകനം ചെയ്യണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം സുരക്ഷിതമായി ഉംറ നിർവഹിക്കുന്നതിനായി, നിയുക്ത പ്രവേശന, എക്സിറ്റ് പാതകൾ പിന്തുടരണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഹറമിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും, നിങ്ങളുടെ ഫോണിലല്ല, മറിച്ച് പ്രാർത്ഥനയിൽ മുഴുകണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തി.