റിയാദ്: വസന്തത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി. ഇന്നു മുതൽ നാല് ദിവസം വിവിധ ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മദീന നഗരത്തിന് പുറത്ത് ഇന്ന് രാവിലെ മഴയെത്തിയിരുന്നു. മദീനയിലേക്ക് നീളുന്ന തബൂക്ക്, ഹാഇൽ, റിയാദ് ഹൈവേകളിലെല്ലാം മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഹാഇലിലും ഖസീം പ്രവിശ്യയിലും നാളെ രാവിലെ വരെ റെഡ് അലേർട്ടുണ്ട്. പല ഭാഗത്തും വെള്ളം ഉയരാനുള്ള സാധ്യതയുള്ളതായി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

മഴ പെയ്യുന്നതോടെ കനത്ത തണുപ്പിന് അൽപം ആശ്വാസമാകും. റിയാദ്, കിഴക്കൻ പ്രവിശ്യകളിലും മഴ തുടരും. കിഴക്കൻ പ്രവിശ്യയിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പുണ്ട്. റിയാദ് നഗരത്തിൽ വെള്ളി ശനി ദിവസങ്ങളിൽ മഴയെത്തും. അതു വരെ നഗരത്തിന് പുറത്ത് സുൽഫി, മജ്മഅ്, ശഖ്‌റ മേഖലകളിൽ മഴയുണ്ടാകും. കനത്ത തണുപ്പുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴയെത്തുന്നത്. ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവരും ഹൈറേഞ്ചിലേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.