ദുബൈ: ഗൾഫിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ഹത്ത ഹൈഡ്രോപവറിൽ നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ദുബൈയിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കും. പദ്ധതി നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം ദുബൈ ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാനാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഹത്തയിലെ വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം ഇക്കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ചിരുന്നു.

ഹത്ത ഡാമിലേയും പുതുതായി നിർമിച്ച അപ്പർ ഡാമിലേയും വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ 96.82 ശതമാനവും പൂർത്തിയായെന്ന് ദേവ ചെയർമാൻ മുഹമ്മദ് അൽ തായർ പറഞ്ഞു. 250 മെഗാവാട്ട് ആണ് പ്ലാന്റിന്റെ ഉത്പാദന ശേഷി. 1,500 മൊഗാവാട്ട് മണിക്കൂർ സംഭരണ ശേഷിയുള്ള പ്ലാന്റിന്റെ കാലാവധി 80 വർഷമാണ്. 142.1 കോടി ദിർഹമാണ് പ്ലാന്റിന്റെ നിർമാണ ചെലവ്. 2050 ഓടെ സമ്പൂർണ ഹരിതോർജം എന്ന ദുബായ് ക്ലീൻ എനർജി നയത്തിന്റെ ഭാഗമായാണ് ഗൾഫിലെ ആദ്യ ജല വൈദ്യുത പദ്ധതി ഹത്തിയിൽ പ്രഖ്യാപിച്ചത്.