ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍വരും. സഹോദരനോ സഹോദരിയോ മണപ്പെടുമ്പോള്‍ സ്വകാര്യ ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ വേതനത്തോടു കൂടിയ അവധി, ജീവനക്കാരികള്‍ക്ക് 12 ആഴ്ച പ്രസാവവധി എന്നിവ നാളെ മുതല്‍ നിലവില്‍വരുന്ന തൊഴില്‍ നിയമത്തിലെ പ്രധാന പരിഷ്‌കാരങ്ങളാണ്.

പ്രസവാവധിയില്‍ ആറാഴ്ച പ്രസവാനന്തരം ആയിരിക്കും. പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയതിക്ക് നാലാഴ്ച മുമ്പ് മുതല്‍ അവധി പ്രയോജനപ്പെടുത്താം. ഓവര്‍ടൈം ജോലി ചെയ്യുന്നതിന് ഓവര്‍ടൈം വേതനത്തിനു പകരം അവധി നല്‍കാനും തൊഴിലുടമക്ക് അനുമതിയുണ്ട്. എന്നാല്‍ ഇതിന് തൊഴിലാളിയുടെ അനുമതി കൂടി ആവശ്യമാണ്.
തൊഴിലാളിയാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചുരുങ്ങിയത് 30 ദിവസം മുമ്പും തൊഴിലുടമയാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചുരുങ്ങിയത് 60 ദിവസം മുമ്പും നോട്ടീസ് നല്‍കിയിരിക്കണം. ജീവനക്കാര്‍ക്കും തൊഴില്‍ അപേക്ഷകര്‍ക്കുമിടയില്‍ വര്‍ണ, ഭാഷാ, ലിംഗ വിവേചനം കാണിക്കരുത്.
ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ താമസ, യാത്രാ സൗകര്യം ഏര്‍പ്പെടുത്തലോ താമസ, യാത്രാ അലവന്‍സുകള്‍ വിതരണം ചെയ്യലോ നിര്‍ബന്ധമാണ്. പ്രൊബേഷന്‍ കാലം 180 ദിവസമായിരിക്കും. പ്രൊബേഷന്‍ കാലത്ത് തൊഴിലാളിക്കും തൊഴിലുടമക്കും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാം.