സൗദിയിലേക്ക് വിദേശ ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ വാങ്ങുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ 15 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാമെന്ന് അഭിഭാഷകൻ സുൽത്താൻ അൽ-അൻസിയുടെ മുന്നറിയിപ്പ്.

ഓൺലൈനിൽ പോഷകാഹാര സപ്ലിമെന്റ് ഓർഡർ ചെയ്ത് ജയിലിലായ ഒരാളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അഭിഭാഷകൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
ഇയാൾ വാങ്ങിയ സപ്ലിമെന്റിൽ സൗദിയിൽ നിരോധിച്ച വസ്തുക്കൾ അടങ്ങിയിരുന്നു എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ്, ഉല്പന്നം സ്വീകരിക്കാൻ ചെന്ന ഇയാൾ അറസ്റ്റിലായത്.
നിരോധിത വസ്തുക്കൾ ഉല്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, ബോഡിബിൽഡിംഗ് പരിശീലിക്കുന്നതിനാൽ മാത്രമാണ് താൻ ഇത് ഓർഡർ ചെയ്തതെന്നും അയാൾ വ്യക്തമാക്കി.
എങ്കിലും രണ്ടര വർഷമായിട്ട് ഇയാൾ ജയിലിലാണെന്നും വിവിധ നിയമനടപടികൾ നേരിടുകയാണെന്നും അൽ-അൻസി പറഞ്ഞു.
സൗദിയിൽ നിരോധിച്ച പല വസ്തുക്കളും ചില രാജ്യങ്ങളിൽ മിതമായ തോതിൽ ഉല്പന്നങ്ങളിൽ ഉപയോഗിക്കാൻ അനുമതിയുണ്ട്.
അതുകൊണ്ട് ഓർഡർ ചെയ്യുന്നതിന് മുൻപ് വാങ്ങിക്കുന്ന ഉല്പപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഉപഭോക്താവ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താവിന്റെ സദുദ്ദേശ്യം കേസിൽ ഒരുപക്ഷെ സഹായകമായേക്കാമെങ്കിലും, പൂർണ്ണമായ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്ക് കഴിയില്ല.
അതുകൊണ്ട് വിദേശത്ത് നിന്ന് ഏതെങ്കിലും ഉല്പന്നം വാങ്ങുന്ന ഓരോ വ്യക്തിയും അതിന്റെ ഘടകങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അതിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.