റിയാദ് : സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ വിഭാഗം ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ തടയാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നിര്‍ദേശാനുസരണമാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചിരിക്കുന്നത്. പൊതുസുരക്ഷാ വകുപ്പുമായാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത്.

വ്യക്തിപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതോ, നിയമവും വ്യവസ്ഥയും ഉറപ്പുനല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ ലംഘിക്കുന്നതോ, വ്യക്തികളുടെ അന്തസ്സ് ഏതെങ്കിലും വിധത്തില്‍ ഹനിക്കുന്നതോ ആയ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടമാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് നടത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ക്രിമിനല്‍ ശൃംഖലകളുടെ പ്രവര്‍ത്തനങ്ങള്‍ ചെറുത്തും ഉന്മൂലനം ചെയ്തും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കിയും സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചിരിക്കുന്നത്.