ജിദ്ദ – നാലു സാഹചര്യങ്ങളില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് ഹജ് ബുക്കിംഗ് തുക തിരികെ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് ബുക്കിംഗിലെ പ്രധാന അപേക്ഷകന്റെ മരണം, ഭര്‍ത്താവ് മരണപ്പെട്ട, ഹജ് ബുക്കിംഗിലെ പ്രധാന അപേക്ഷകയായ ഭാര്യയുടെ മരണം, ഹജ് കര്‍മം നിര്‍വഹിക്കാൻ സാധിക്കാത്ത തരത്തിൽ വാഹനാപകടങ്ങളിൽ പരിക്കേൽക്കൽ എന്നീ സഹചര്യങ്ങളിൽ ബുക്കിംഗ് തുക തിരികെ ലഭിക്കും. വാഹനാപകടങ്ങളില്‍ പരിക്കേറ്റ് ഹജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ ഇക്കാര്യം തെളിയിക്കുന്ന രേഖകളും അപകടം നടന്ന തീയതിയും മറ്റും സമര്‍പ്പിക്കണം.
ആക്രമണങ്ങളില്‍ പരിക്കേറ്റ് ഹജ് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ക്കും ബുക്കിംഗ് തുക തിരികെ ലഭിക്കും. ഇക്കാര്യം സ്ഥിരീകരിക്കുന്ന രേഖകളും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും ശാരീരിക അവശതയും മറ്റും തെളിയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ഇവര്‍ ഹാജരാക്കണം.
സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണെങ്കില്‍ അത് ആരോഗ്യ വകുപ്പില്‍ നിന്ന് അറ്റസ്റ്റ് ചെയ്യണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് അറബിയിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പണം തിരികെ ഈടാക്കുന്നതിനു മുമ്പായി ഇ-ട്രാക്ക് വഴിയോ നുസുക് ആപ്പ് വഴിയോ ഹജ് ബുക്കിംഗ് റദ്ദാക്കല്‍ നിര്‍ബന്ധമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
