ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ശനിയാഴ്ച സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇമാം മുഹമ്മദ് ബിന്‍ സൗദ് സൗദി അറേബ്യ സ്ഥാപിച്ചതിന്റെ വാര്‍ഷികം ഫെബ്രുവരി 22 ന് രാജ്യം ആഘോഷിക്കുകയാണ്. രാഷ്ട്രത്തിന്റെ ഉറച്ച വേരുകളിലും ചരിത്രപരവുമായ ആഴത്തിലുമുള്ള അഭിമാനം, ദിര്‍ഇയ തലസ്ഥാനമായി ആദ്യ സൗദി രാഷ്ട്രം സ്ഥാപിതമായതു മുതല്‍ പൗരന്മാരും ഭരണാധികാരികളുമായുള്ള അടുത്ത ബന്ധം, നൂറ്റാണ്ടുകള്‍ നീണ്ട ഛിദ്രതക്കും വിഭജനത്തിനും അസ്ഥിരതക്കും ശേഷം സൗദി സമൂഹത്തില്‍ പ്രതിഫലിച്ച സുരക്ഷയുടെ സ്വാധീനം എന്നിവ ഈ ദേശീയ സന്ദര്‍ഭം മൂര്‍ത്തീകരിക്കുന്നു.
രാജ്യത്തിന്റെ ചരിത്ര പൈതൃകത്തില്‍ സൗദി ജനത അഭിമാനിക്കുന്നു. ഇമാം മുഹമ്മദ് ബിന്‍ സൗദ് സ്ഥാപിച്ച ഒന്നാം സൗദി രാഷ്ട്രം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ സമ്പന്നമായ കാലമാണ് അറേബ്യന്‍ ഉപദ്വീപിനെ ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആണ് രണ്ടാം സൗദി രാഷ്ട്രം സ്ഥാപിച്ചത്. ആധുനിക സൗദി അറേബ്യയുടെ ശില്‍പിയായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ രാജാവിന്റെ കരങ്ങളിലൂടെ രാജ്യം ഏകീകരിക്കപ്പെട്ടു. അന്നു മുതല്‍ പിന്നീട് ഭരണം കൈയാളിയ അബ്ദുല്‍ അസീസ് രാജാവിന്റെ മക്കളായ രാജാക്കന്മാരുടെ കാലത്ത് നിസ്തുലമായ സമ്പന്നമായ യുഗത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചുവരുന്നത്. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് സൗദിയിലെ നഗരങ്ങളില്‍ ദേശസ്‌നേഹവും കൂറും രാജ്യത്തിന്റെ ആഴമേറിയ ചരിത്രവും ദേശീയൈക്യവും പ്രകടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികകള്‍ അരങ്ങേറും.