ജിദ്ദ – നഗരത്തിലെ ഫൈസലിയ, അല്‍റബ്‌വ ഡിസ്ട്രിക്ടുകളില്‍ തകര്‍ച്ചയുടെ വക്കിലുള്ള 300 ലേറെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് ഉടമകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസുകള്‍ നല്‍കിയതായി ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി അറിയിച്ചു. ഫൈസലിയയില്‍ നിലംപതിക്കാറായ 263 കെട്ടിടങ്ങളും അല്‍റബ്‌വയില്‍ 88 കെട്ടിടങ്ങളുമാണ് നഗരസഭ കണ്ടെത്തിയിരിക്കുന്നത്. ഒരു മാസത്തിനകം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം ഉടമകള്‍ സ്വന്തം നിലക്ക് പൊളിച്ചുനീക്കാത്ത കെട്ടിടങ്ങള്‍ ഒരു മാസത്തിനു ശേഷം നഗരസഭ പൊളിച്ചുനീക്കി ഇതിനാകുന്ന ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കും.

തകര്‍ച്ചയുടെ വക്കിലുള്ള കെട്ടിടങ്ങളില്‍ സൗദി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ജിദ്ദ നഗരസഭ ഏകോപനം നടത്തും. ഫൈസലിയയിലെയും അല്‍റബ്‌വയിലെയും ചില കെട്ടിടങ്ങള്‍ നഗരസഭയില്‍ നിന്നുള്ള ലൈസന്‍സില്ലാതെയാണ് നിര്‍മിച്ചത്.
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സൗദി കോഡ് പാലിക്കാതെയാണ് ഇവര്‍ നിര്‍മിച്ചത്. അതുകൊണ്ടു തന്നെ ഈ കെട്ടിടങ്ങള്‍ അവയിലെ താമസക്കാര്‍ക്ക് ഭീഷണിയാണ്. ഇവ പൊളിച്ചുമാറ്റുന്നതിന് ഉടമകള്‍ക്ക് നഷ്ടപരിഹാരമൊന്നും നല്‍കില്ല. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവ പൊളിച്ചുനീക്കാന്‍ ഉടമകള്‍ നഗരസഭയുമായി സഹകരിക്കണമെന്ന് മുഹമ്മദ് അല്‍ബഖമി ആവശ്യപ്പെട്ടു.