റിയാദ് – സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ച് പുതുതായി ഏതാനും സേവനങ്ങള്‍ കൂടി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. റിയാദില്‍ മിനിസ്ട്രിറ്റി സ്റ്റാഫ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിവില്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍ മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേടായതും നഷ്ടപ്പെട്ടതുമായ ഫാമിലി കാര്‍ഡിനു പകരം പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍, അനാഥ കുട്ടികളുടെ സംരക്ഷണ ചുമതല വഹിക്കുന്ന കുടുംബങ്ങള്‍ക്ക് അനാഥ കുട്ടികളുടെ ജനന, മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യല്‍ എന്നീ സേവനങ്ങളാണ് അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്. അബ്ശിര്‍ ആപ്പ് വഴി മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനും സാധിക്കും.
സംരക്ഷണ ചുമതല ഏറ്റെടുത്ത അനാഥ കുട്ടികള്‍ക്ക് സൗദി പാസ്പോര്‍ട്ട് ഇഷ്യു ചെയ്യല്‍, പുതുക്കല്‍, ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമകളില്‍ വിവര്‍ത്തനം ചെയ്ത് രേഖപ്പെടുത്തിയ പേരുകളില്‍ തിരുത്തല്‍ വരുത്തല്‍, വിദേശിയുടെ കുടുംബാംഗങ്ങളുടെ ഇഖാമകളില്‍ വിവര്‍ത്തനം ചെയ്ത് രേഖപ്പെടുത്തിയ പേരുകളില്‍ തിരുത്തലുകള്‍ വരുത്തല്‍, കേടുവന്ന ജനന സര്‍ട്ടിഫിക്കറ്റിനു പകരം ബദല്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യല്‍, നഷ്ടപ്പെട്ട ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിനു പകരം ബദല്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യല്‍, അബ്ശിര്‍ ഗവണ്മെന്റ് പ്ലാറ്റ്ഫോം വഴി ഫാമിലി കാര്‍ഡ് പരിശോധന, അബ്ശിര്‍ ഗവണ്മെന്റ് പ്ലാറ്റ്ഫോം വഴി സാധാരണക്കാരുടെ സേവനങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്നീ സേവനങ്ങള്‍ ഡിസംബര്‍ അവസാനത്തില്‍ അബ്ശിറില്‍ പുതുതായി ആരംഭിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കാനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും ആഭ്യന്തര മന്ത്രാലയവും മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകളും നല്കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് പുതിയ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ രേഖകളുടെ വെരിഫിക്കേഷന്, വാഹന വില്പന നടപടിക്രമങ്ങള്‍, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കുള്ള ലേലം, ജീര്‍ണിച്ചതിനാലും കേടായതിനാലും മറ്റും ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങള്‍ ഉടമകളുടെ രേഖകളില്‍ നിന്ന് നീക്കം ചെയ്യല്‍, സൗദി പൗരന്മാരുടെയും വിദേശികളുടെയും നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷന്, പുതിയ ഇഖാമ, ഇഖാമ പുതുക്കല്‍, സൗദി പാസ്പോര്ട്ടുകള്, റീ-എന്‍ട്രി, ഫൈനല്‍ എക്സിറ്റ്, റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ എന്നിവ അടക്കം 400 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി വ്യക്തികള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജവാസാത്ത് അടക്കമുള്ള ആഭ്യന്തര മന്ത്രാലയ വകുപ്പുകളും ഡിപ്പാര്‍ട്ട്മെന്റുകളും നല്കുന്നു. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ സൗദിയില്‍ അനധികൃതമായി തങ്ങുന്ന വിസിറ്റ് വിസക്കാരെ കുറിച്ച് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിസിറ്റ് വിസക്കാരെ സൗദിയിലേക്ക് കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് അവസരമൊരുക്കുന്ന പുതിയ സേവനവും അടുത്തിടെ അബ്ശിറില്‍ ആരംഭിച്ചിരുന്നു.
പ്രതിദിനം ആറു ലക്ഷത്തിലേറെ ലേറെ സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും അബ്ശിര്‍ വഴി നല്‍കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ നേരിട്ട് സമീപിക്കേണ്ട ആവശ്യമില്ലാതെ സ്വന്തം താമസസ്ഥലങ്ങളില്‍ നിന്നും ജോലി സ്ഥലങ്ങളില്‍ നിന്നും മറ്റും ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അബ്ശിര്‍ പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു.
അബ്ശിര്‍ പ്ലാറ്റ്ഫോം വഴി ഇതിനകം 2.8 കോടിയിലേറെ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇഷ്യു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, അബ്ശിര്‍ ബിസിനസ്, അബ്ശിര്‍ ഗവണ്മെന്റ് പ്ലാറ്റ്ഫോമുകള് വഴി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും 500 ലേറെ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും എളുപ്പത്തിലും വിശ്വസനീയമായ രീതിയിലും പ്രയോജനപ്പെടുത്താന്‍ കഴിയും.
ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇലക്ട്രോണിക് രീതിയില്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്ന പരിഹാരങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ ഐഡന്റിറ്റി. ഐക്യരാഷ്ട്രസഭയുടെ ഡിജിറ്റല്‍ പരിവര്‍ത്തന സൂചികയില്‍ സൗദി അറേബ്യക്ക് മുന്‍നിര സ്ഥാനം കൈവരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ ആഭ്യന്തര മന്ത്രാലയം ഫലപ്രദമായ സംഭാവന നല്കി. സാങ്കേതിക ശേഷികള്‍ പ്രയോജനപെടുത്തി , സേവന നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തിയും സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ നല്‍കിയും വിശിഷ്ട ഡിജിറ്റല്‍ അനുഭവം നല്‍കിയും ഗുണഭോക്താക്കളുടെ സംതൃപ്തി വര്‍ധിപ്പിച്ചും ഡിജിറ്റല്‍ സേവനങ്ങളില്‍ മുന്‍നിര സ്ഥാനം കൈവരിക്കാനും ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചു.
