ജിദ്ദ – സൗദി അറേബ്യയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ പ്രകാരമുള്ള പൂര്‍ണ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുന്ന വേതന സുരക്ഷാ പദ്ധതി ഫയലുകള്‍ മുദാദ് പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിക്കാനുള്ള സാവകാശം 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കുറച്ചു. വേതന സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ ക്രമീകരണം നിലവില്‍വരും.

ഇതുവരെ രണ്ടു മാസത്തെ (അതായത് 60 ദിവസം) വേതന സുരക്ഷാ ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ വേതന സുരക്ഷാ സംവിധാനം അനുവദിച്ചിരുന്നു. തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയിലെത്തുന്ന ശരിയായ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുന്നതിലുള്ള പ്രതിബദ്ധത ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഒരു മാസത്തെ (30 ദിവസം) ഫയലുകളാണ് അപ്ലോഡ് ചെയ്യേണ്ടത്.
വേതന സുരക്ഷാ ഫയലുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപന പ്രതിനിധികളുടെ പെരുമാറ്റത്തെ കുറിച്ച പഠനത്തെ അടിസ്ഥാനമാക്കിയാണ് ഫയലുകള്‍ സമര്‍പ്പിക്കേണ്ട കാലയളവ് പകുതിയായി കുറച്ചത്. വേതനം വിതരണം ചെയ്യേണ്ട തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ 91 ശതമാനം സ്ഥാപനങ്ങളും വേതന സുരക്ഷാ ഫയലുകള്‍ സമര്‍പ്പിക്കുന്നതായി സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴില്‍ അന്തരീക്ഷത്തില്‍ വിശ്വാസവും സുരക്ഷയും വര്‍ധിപ്പിക്കാനും കൂടുതല്‍ വേഗത്തിലും കൃത്യമായും വേതന സുരക്ഷാ സംവിധാനം പാലിക്കാന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് വേതന സുരക്ഷാ ഫയലുകള്‍ സമര്‍പ്പിക്കാനുള്ള സമയം കുറച്ച് മന്ത്രാലയം ശ്രമിക്കുന്നത്. വേതന സുരക്ഷാ സംവിധാനം വികസിപ്പിക്കാനും മുദദ് പ്ലാറ്റ്ഫോം വഴി ഫയല്‍ അപ്ലോഡിംഗ് സുഗമമാക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും ഇത് സ്ഥിരീകരിക്കുന്നു. ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ വേതന സുരക്ഷാ ഫയലുകള്‍ മുദദ് പ്ലാറ്റ്ഫോം വഴി സ്വകാര്യ സ്ഥാപനങ്ങള്‍ മുടങ്ങാതെ അപ്ലോഡ് ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.