റിയാദ് : സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവര്‍ക്ക് റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം. ഇതുവരെ ഒരു മാസത്തിന് 100 റിയാല്‍ എന്ന തോതിലായിരുന്നു ഫീ അടക്കേണ്ടിയിരുന്നെങ്കിലും ഇപ്പോള്‍ 200 റിയാല്‍ ആണ് അടക്കേണ്ടത്. രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളില്‍ അപ്‌ഡേറ്റ് ചെയ്തത്. ഇപ്രകാരം ഫീ വര്‍ധനയുണ്ടാകുമെന്ന് നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നു.
നാട്ടില്‍ പോയവരുടെ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യത്തിന് മാത്രമാണെന്നതാണ് ഫീസ് വര്‍ധനക്ക് കാരണം. സ്ഥാപനത്തിന്റെ അബ്ശിര്‍ ബിസിനസ് വഴിയാണ് റീ എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ സര്‍വീസ് ചെയ്യുന്നതെങ്കില്‍ 103.50 റിയാല്‍ സര്‍വീസ് ചാര്‍ജും നല്‍കണം. അഥവാ ഒരു മാസം റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ 300 ലധികം റിയാല്‍ ചെലവുവരുമെന്നര്‍ഥം. കമ്പനികളുടെ മുഖീം സിസ്റ്റം വഴിയാണെങ്കില്‍ സര്‍വീസ് ചാര്‍ജ് നേരിട്ട് അടക്കേണ്ടതില്ല. മുഖീമിന്റെ പോയിന്റില്‍ നിന്ന് തതുല്യ സംഖ്യ കട്ടായി പോകും.
രണ്ട് വര്‍ഷം മുമ്പാണ് റീ എന്‍ട്രി എക്സ്റ്റന്‍ഷന് ഓണ്‍ലൈന്‍ സേവനമൊരുക്കിയത്. അതുവരെ ജവാസാത്തില്‍ നിന്നും മറ്റും രേഖകള്‍ ശരിയാക്കി നാട്ടിലെ സൗദി കോണ്‍സുലേറ്റിനെ സമീപിക്കേണ്ടിയിരുന്നു. ഇപ്പോള്‍ നാട്ടില്‍ വെച്ച് ഇഖാമ പുതുക്കാനും റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്. പലരും ഇത് ഉപയോഗപ്പെടുത്തുന്നുമുണ്ട്.