ജിദ്ദ – വിദേശ തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തുന്ന പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി മുഴുവന്‍ രാജ്യങ്ങളിലും പ്രാബല്യത്തില്‍ വന്നതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ നൈപുണ്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളെയാണ് ഉന്നമിട്ടിരുന്നത്. ഈ രാജ്യങ്ങള്‍ മുഴുവന്‍ പരിധിയില്‍ വന്നതോടെ പദ്ധതിയുടെ അവസാന ഘട്ടവും പൂര്‍ത്തിയായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മന്ത്രിസഭാ തീരുമാന പ്രകാരമാണ് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പദ്ധതി നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വിശ്വസനീയമായ അക്കാദമിക് യോഗ്യതകളും സൗദി തൊഴില്‍ വിപണിക്ക് ആവശ്യമായ പ്രായോഗിക പരിചയവും വൈദഗ്ധ്യവും ഉണ്ടെന്നും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പദ്ധതിയുടെ ഘട്ടങ്ങളില്‍ മാനവ വിഭവശേഷി മന്ത്രാലയം 1,007 തൊഴിലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ച് എന്‍ജിനീയറിംഗ്, ആരോഗ്യം എന്നീ മേഖലകളെ ഉള്‍പ്പെടുത്തി സൗദിയിലെ ഏകീകൃത പ്രൊഫഷനുകളുടെ വര്‍ഗീകരണം അനുസരിച്ച് 1-3 ഗ്രൂപ്പുകളില്‍ പെടുന്ന ഉയര്‍ന്ന വൈദഗ്ധ്യമുള്ള എല്ലാ തൊഴിലുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടരുകയാണ്. തൊഴില്‍ വിപണി നിയന്ത്രിക്കാനും ജോലികളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്താനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്.
ആകര്‍ഷകമായ തൊഴില്‍ വിപണി കെട്ടിപ്പടുക്കാനും തൊഴില്‍ വിപണി ശാക്തീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ തന്ത്രത്തിന് അനുസൃതമായ പദ്ധതി ആദ്യ ഘട്ടത്തില്‍ പടിപടിയായി 62 രാജ്യങ്ങളിലാണ് നടപ്പാക്കിയത്. സൗദിയിലെ വിദേശ തൊഴിലാളികളുടെ ഗുണനിലവാരം ഉയര്‍ത്താനും അക്കാദമികമായി യോഗ്യതയില്ലാത്ത തൊഴിലാളികള്‍ സൗദി തൊഴില്‍ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും പുതിയ പദ്ധതി സഹായിക്കുന്നു.
പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആദ്യം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനു ശേഷം തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. അംഗീകൃത പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സെന്ററിലെ പരീക്ഷാ മോണിട്ടര്‍മാര്‍ പരീക്ഷക്കു മുമ്പായി അപേക്ഷകന്റെ വിവരങ്ങളും രേഖകളും ഒത്തുനോക്കും. ഇതിനു ശേഷം മൂല്യനിര്‍ണയഘട്ടം വിജയകരമായി മറികടക്കുന്നവര്‍ക്ക് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയാണ് ചെയ്യുക. പ്രൊഫഷനല്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയക്കുള്ള അധിക വ്യവസ്ഥയായി പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം സൗദിയിലുള്ള വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്തുന്ന യോഗ്യതാ ടെസ്റ്റ് പ്രോഗ്രാമും നടപ്പാക്കുന്നുണ്ട്. പ്രൊഫഷനല്‍ തൊഴിലാളികള്‍ക്ക് അവര്‍ നിര്‍വഹിക്കുന്ന തൊഴിലുകളില്‍ ആവശ്യമായ പരിജ്ഞാനവും നൈപുണ്യങ്ങളും ഉണ്ടെന്നും മതിയായ യോഗ്യതകളുള്ള പ്രൊഫഷനല്‍ തൊഴിലാളികളെ മാത്രമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. സൗദിയിലുള്ള തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകല്‍ നിര്‍ബന്ധമാണ്. യോഗ്യതാ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കാലാവധി അഞ്ചു വര്‍ഷമാണ്.