റിയാദ്: സൗദിയിലെ ഡീസൽ വിലയിലുണ്ടായ വർധനവ് നിർമാണ രംഗത്തും പ്രതിഫലിക്കുമെന്ന് നിർമാണ കമ്പനികൾ. ജനുവരി ഒന്നിനാണ് സൗദിയിൽ ഡീസൽ വില വർധിപ്പിച്ചത്. അമ്പത്തിയൊന്ന് ഹലാല വർധിപ്പിച്ചത് വിവിധ മേഖലകളിൽ പ്രത്യാഘാതമുണ്ടാക്കും. നിലവിൽ ലിറ്ററിന് ഒരു റിയാൽ അറുപത്തിയാറ് ഹലാലയാണ് വില. വില വർധനവ് സിമന്റ് വില പത്ത് ശതമാനം വരെ ഉയരാൻ കാരണമാകുമെന്ന് കമ്പനികൾ പറയുന്നു. ഇതോടൊപ്പം വിവിധ നിർമാണ വസ്തുക്കളുടെ വിലയും കൂടാനിടയുണ്ട്. ഗതാഗത രംഗത്തെ വില വർധനവ് നിത്യോപയോഗ വസ്തുക്കളുടെ വിലകളിലും പ്രതിഫലിക്കും. സൗദിയിലെ പെട്രോൾ വില വർധിപ്പിക്കുന്നതിന് നിലവിൽ ഭരണകൂട വിലക്കുണ്ട്. പരമാവധി വിലയായ രണ്ട് റിയാൽ പന്ത്രണ്ട് ഹലാലയാണ് പെട്രോൾ വില. സൗദി അരാംകോയാണ് വില നിശ്ചയിക്കുന്നത്.