ജിദ്ദ – പതിനഞ്ചു മാസം നീണ്ട കൂട്ടക്കുരുതിക്കും വിനാശകരമായ യുദ്ധത്തിനും അന്ത്യം കുറിച്ച് അടുത്ത ഞായറാഴ്ച നടപ്പാക്കാന്‍ പോകുന്ന വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളെ സൗദി വിദേശ മന്ത്രാലയം അഭിനന്ദിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ കണിശമായി പാലിക്കപ്പെടണം. ഗാസയിലെ ഇസ്രായിലി ആക്രമണം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്നും മറ്റെല്ലാ പലസ്തീന്‍, അറബ് പ്രദേശങ്ങളില്‍ നിന്നും അധിനിവേശ സേനയെ പൂര്‍ണമായും പിന്‍വലിക്കുകയും അഭയാര്‍ഥികളെ സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും വേണം
1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അടക്കമുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ പലസ്തീന്‍ ജനതയെ പ്രാപ്തരാക്കുന്നതിലൂടെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം പരിഹരിക്കാന്‍ ഈ കരാറില്‍ ഊന്നിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. 45,000 ലേറെ പേരുടെ ജീവന്‍ അപഹരിക്കുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഗാസക്കെതിരായ ക്രൂരമായ ഇസ്രായിലി യുദ്ധം ഈ കരാര്‍ ശാശ്വതമായി അവസാനിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും ഗാസ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്തു. ഗാസയിലെ ഇസ്രായിലി ആക്രമണം പതിനായിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും ഗാസയിലെ മാനുഷിക സാഹചര്യം വഷളാകാനും കാരണമായി. ഗാസയില്‍ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാനും മാനുഷിക സഹായം എത്തിക്കാനും അഭയാര്‍ഥികളുടെ തിരിച്ചുവരവിനും ഈ കരാര്‍ സഹായകമാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ നടത്തിയ മികച്ച മധ്യസ്ഥ ശ്രമങ്ങളെയും ഈ കരാറിലെത്താന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും അവര്‍ നടത്തിയ അക്ഷീണ പ്രയത്‌നത്തെയും അദ്ദേഹം പ്രശംസിച്ചു.
എനിക്ക് ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ കഴിയും, ഇസ്രായിലും ഹമാസും തമ്മില്‍ ഒരു ബന്ദി കൈമാറ്റ കരാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് – അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു. ഗാസയിലെ പോരാട്ടം അവസാനിക്കും, ബന്ദികള്‍ ഉടന്‍ തന്നെ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങും – ബൈഡന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ബന്ദികളെ സംബന്ധിച്ച ഒരു കരാറില്‍ ഞങ്ങള്‍ ഒപ്പുവച്ചു. അവരെ ഉടന്‍ മോചിപ്പിക്കും, നന്ദി – നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. ഈ കരാര്‍ നിലവില്‍ വരുന്നതോടെ, ഗാസ ഇനി ഒരിക്കലും തീവ്രവാദികളുടെ സുരക്ഷിത താവളമാകാതിരിക്കാന്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ ശ്രമങ്ങളിലൂടെ എന്റെ ദേശീയ സുരക്ഷാ സംഘം ഇസ്രായിലുമായും സഖ്യകക്ഷികളുമായും അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരും -ട്രംപ് രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനെ പിന്തുണക്കാനും ഇപ്പോഴും ദുരിതമനുഭവിക്കുന്ന എണ്ണമറ്റ പലസ്തീനികള്‍ക്കുള്ള സുസ്ഥിരമായ ദുരിതാശ്വാസ വിതരണം വര്‍ധിപ്പിക്കാനും ഐക്യരാഷ്ട്രസഭ തയാറാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാദേശിക സ്ഥിരതക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്നെന്നും ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുര്‍ക്കി തുടരുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാകാന്‍ ഫിദാന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്ന ജനുവരി 19 വരെ ഗാസയില്‍ ശാന്തത പാലിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ആഹ്വാനം ചെയ്തു. ഗാസ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ഗാസയിലേക്ക് മാനുഷിക സഹായം വേഗത്തില്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ദോഹയില്‍ ആഴ്ചകളോളം നീണ്ടുനിന്ന ശ്രമകരമായ ചര്‍ച്ചകളാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ചത്. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തി 1,200 പേരെ കൊലപ്പെടുത്തി ബന്ദികളാക്കിയ ഡസന്‍ കണക്കിന് ഇസ്രായിലികളെ ഘട്ടംഘട്ടമായി വിട്ടയക്കുമെന്ന് കരാര്‍ വാഗ്ദാനം ചെയ്യുന്നു.